പുതിയ ഇന്റര്‍നെറ്റ് പകര്‍പ്പാവകാശനിയമത്തിന് യൂറോപ്പില്‍ അംഗീകാരം; നമ്മെ ബാധിക്കുന്നതെങ്ങനെ ?

ഇന്റര്‍നെറ്റ് ഉപയോഗ സംസ്‌കാരത്തിന് അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം. പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ നിന്നു ഉപയോക്താക്കളെ വിലക്കുവാന്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിര്‍ദ്ദേശിക്കുന്ന പുതിയ പകര്‍പ്പാവകാശ നിയമത്തിനാണ് യൂറോപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഉള്ളടക്കത്തിന്റെ ഉടമകളായ എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കുമെല്ലാം ലാഭവിഹിതം നല്‍കണമെന്നും നിയമം പറയുന്നു.

ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണു യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മാതാക്കള്‍ പകര്‍പ്പവകാശ നിര്‍ദേശങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പിന് അനുമതി നല്‍കിയത്. 226-നെതിരേ 438 വോട്ടുകള്‍ക്കാണു പരിഷ്‌ക്കരിച്ച പതിപ്പ് യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയത്. 39 പേര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.പകര്‍പ്പവകാശം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ 21-ാം നൂറ്റാണ്ടിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണു പരിഷ്‌ക്കരിച്ച പതിപ്പ്. ഇനി ഇതിന്മേലുള്ള അന്തിമ വോട്ടെടുപ്പ് 2019 ജനുവരിയില്‍ നടക്കും. ജനുവരിയിലെ വോട്ടെടുപ്പില്‍ നിര്‍ദേശങ്ങള്‍ പാസായാല്‍ എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലും ഇത് നിയമമായി നടപ്പിലാക്കും.

ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ നിയമം. ഇതോടെ വ്യക്തിവിവരങ്ങളും ആക്ഷേപകരമായ ഉള്ളടക്കങ്ങളും കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണം ഈ കമ്പനികള്‍ക്ക് മേല്‍ ഉണ്ടാവും.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ഈ നിയമത്തിന് യൂറോപ്യന്‍ കമ്മീഷന്റേയും യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളുടേയും അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍ ഉള്‍പ്പടെയുള്ള ഉള്ളടക്ക ഉടമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നിയമമാണിത്. ഒപ്പം ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് വന്‍ തുക ചിലവ് വന്നേക്കാവുന്നതുമാണ്.

എന്നാല്‍ ഈ നിയമം ഇന്റര്‍നെറ്റിലൂടെയുള്ള തമാശകള്‍ക്ക് അന്ത്യം കുറിക്കുമെന്നും ഗൂഗിള്‍ ന്യൂസ് പോലുള്ളവ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാക്കുമെന്നുമുള്ള വിമര്‍ശനവുമുണ്ട്. യൂട്യൂബ് വീഡിയോകളടക്കം പകര്‍പ്പാവകാശനിയമത്തിന്റെ പരിധിയില്‍ വരും. ടെക്ക് കമ്പനികളെല്ലാം പകര്‍പ്പാവകാശമുള്ള ഉള്ളടക്കത്തെ വേര്‍തിരിക്കുന്നതിനായുള്ള ഫില്‍റ്ററുകള്‍ വികസിപ്പിക്കേണ്ടതായി വരും. ഇത്തരത്തിലുള്ള ഓട്ടോമാറ്റിക് ഫില്‍റ്ററുകളും പകര്‍പ്പാവകാശ ലംഘനം കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകുമെന്ന വിമര്‍ശനം ചിലര്‍ ഉയര്‍ത്തുന്നു.

പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാകുന്നതോടെ, എല്ലാ കണ്ടന്റുകള്‍ക്കും അഥവാ ഉള്ളടക്കങ്ങള്‍ക്കുമുള്ള കോപ്പിറൈറ്റ് ഫില്‍ട്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ ടെക് കമ്പനികള്‍ ബാദ്ധ്യസ്ഥരാകും. ഇതാകട്ടെ, മ്യൂസിക്ക്, വീഡിയോ, മീമുകള്‍ (meme), ഇന്റര്‍നെറ്റിലുള്ള ആര്‍ട്ടിക്കിളുകള്‍ എന്നിവ ഷെയര്‍ ചെയ്യുന്നത് അസാദ്ധ്യമാക്കുകയും ചെയ്യും. കാരണം ഇത്തരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത് കോപ്പിറൈറ്റിന്റെ അഥവാ പകര്‍പ്പവകാശത്തിന്റെ ലംഘനമായിരിക്കും.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ എന്തും എപ്പോഴും അപ്ലോഡ് ചെയ്യാം എന്ന സ്ഥിതി മാറും. ഇന്റര്‍നെറ്റില്‍ എന്ത് അപ് ലോഡ് ചെയ്യുമ്പോഴും ഈ ഫില്‍റ്ററുകളുടെ അനുമതി ലഭിക്കേണ്ടിവരും. അതായത് മറ്റുള്ളവരുടെ വീഡിയോകളും ചിത്രങ്ങളും എല്ലാം ഉപയോഗിച്ചുള്ള പാരഡികളും ട്രോളുകളും എല്ലാം ഈ ഫില്‍റ്ററുകള്‍ തടയും എന്നര്‍ത്ഥം.

ഗൂഗിള്‍ ന്യൂസ് പോലുള്ള സേവനങ്ങള്‍ ഇന്റര്‍നെറ്റിലെ വാര്‍ത്താ തലക്കെട്ടുകളും ലിങ്കുകളും ആളുകളിലേക്കെത്തിക്കുന്നവയാണ്. ഇങ്ങനെ മറ്റ് പ്രസാധകരുടെ ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഗൂഗിള്‍ ന്യൂസ് പോലുള്ള സേവനങ്ങള്‍ പ്രസ്തുത പ്രസാധകര്‍ക്ക് പണം നല്‍കേണ്ടതായി വരും. ഇന്റര്‍നെറ്റിന് അച്ചടക്കമുണ്ടാവുമെന്ന് വാദിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും മുന്‍നിര ടെക്ക് കമ്പനികളെല്ലാം നിയമത്തിനെതിരെ കൈകോര്‍ക്കുന്നുണ്ടെന്നാണ് വിവരം.

ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കത്തെ ആശ്രയിക്കുന്ന യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കു പരിഷ്‌ക്കാരങ്ങള്‍ ദോഷകരമായിരിക്കുമെന്നാണു പൊതുവേ പറയപ്പെടുന്നത്. ഇത് നിയമമാകാതിരിക്കാന്‍ ഗൂഗിള്‍ ശക്തമായ ലോബിയിംഗ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2019 ജനുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഈ പരിഷ്‌ക്കാരങ്ങളെ കുറിച്ചു വീണ്ടും വോട്ടെടുപ്പ് നടക്കുന്നുണ്ട്. അന്നു പാസാവുകയാണെങ്കില്‍ മാത്രമായിരിക്കും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ ഇത് നിയമമാകുന്നത്. നിയമം നടപ്പിലാവുകയാണെങ്കില്‍ ഇന്റര്‍നെറ്റില്‍ ഇന്ന് ടെക് ഭീമന്മാര്‍ ആസ്വദിക്കുന്ന സ്വാധീനം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: