കേരളത്തിന് കൈത്താങ്ങായി ക്രാന്തി; 10 ലക്ഷം രൂപയുടെ ആദ്യ ഗഡു കൈമാറി.

ഡബ്‌ളിന്‍: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി പത്ത് ലക്ഷം രൂപ നല്‍കി. ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് കേരളത്തിലെ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് ഡ്രാഫ്റ്റ് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, ഒന്നിച്ച് ഒറ്റക്കെട്ടായി ഈ ദുരിതത്തെ നേരിടാമെന്നുള്ള ആഹ്വാനത്തിനു ശേഷം ക്രാന്തിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് അയര്‍ലണ്ടിലെമ്പാടുമുള്ള മനുഷ്യ സ്‌നേഹികളില്‍ നിന്ന് പണം സ്വരുക്കൂട്ടിയത്.

ധനസമാഹരണത്തിനായി ക്രാന്തി നടത്തിയ ‘ബിരിയാണിക്കും തന്നാലായത് ‘ ഏറെ ആവേശത്തോടെയാണ് ഐറിഷ് മലയാളികള്‍ സ്വീകരിച്ചത്. വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ഡബ്ലിന്‍, ഡന്‍ഗാര്‍വന്‍, കില്‍ഡയര്‍ തുടങ്ങിയ പ്രദേശങ്ങളിലായി 1200 ല്‍ പരം ബിരിയാണികള്‍ വിറ്റഴിക്കാന്‍ ക്രാന്തിക്ക് സാധിച്ചു.

മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ക്രാന്തിയുടെ അഭ്യര്‍ത്ഥന മാനിച്ചു ധനസമാഹരണത്തില്‍ പങ്കു ചേര്‍ന്ന അയര്‍ലണ്ടിലെ എല്ലാ സുമനസ്സുകള്‍ക്കും ആദരവും, നന്ദിയും രേഖപ്പെടുത്തുന്നതായി ക്രാന്തി കേന്ദ്ര കമ്മറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: