ലോകത്തെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേത്; അയര്‍ലന്‍ഡിന് പട്ടികയില്‍ അഞ്ചാം റാങ്ക്, ഇന്ത്യ 78-ാം സ്ഥാനത്ത്; യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകളുടെ ശക്തി കുറയുന്നുണ്ടോ ?

ഡബ്ലിന്‍: പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഈ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ടിന് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് വിസയിലാതെ 185 രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ള എല്ലാ ഐറിഷ് പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും അയര്‍ലണ്ട് അഞ്ചാം സ്ഥാനത്തായിരുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടേതാണ്. ഇരു രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 189 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാകുമെന്നതാണ് പ്രത്യേകത.

ജര്‍മനിയാണ് പാസ്‌പോര്‍ട്ട് മൂല്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള രാജ്യം. വിസയില്ലാതെ 188 രാജ്യങ്ങളില്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശനം നടത്താം. 2013 ന് ശേഷം ആദ്യമായാണ് ജര്‍മ്മനി 2-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യ രണ്ട് സ്ഥാനം താഴ്ന്നു. പട്ടികയില്‍ 78-ാം സ്ഥാനത്താണ് ഇന്ത്യ. 59 രാജ്യങ്ങളിലാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം ഇന്ത്യ 76-ാം സ്ഥാനത്തായിരുന്നു.

ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ എന്നിവയാണ് അയര്‍ലണ്ടിനൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ട മറ്റ് രാജ്യങ്ങള്‍. പല വര്‍ഷങ്ങളായി പട്ടികയില്‍ അതിവേഗ സ്ഥാനകയറ്റം നേടിയിരിക്കുന്നത് യു.എ.ഇ ആണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടു 40 സ്ഥാനം മെച്ചപ്പെടുത്തി യു.എ.ഇ ഇപ്പോള്‍ 21-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അതിവേഗ മുന്നേറ്റം നടത്തിയിരിക്കുന്നത് 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തെത്തിയ യുക്രയ്നാണ്.

33 രാജ്യങ്ങളിലേക്ക് വിസ ഫ്രീ സന്ദര്‍ശനാനുമതിയുള്ള പാകിസ്ഥാന്‍, 32 രാജ്യങ്ങളിലേക്ക് മാത്രം വിസാ സൗജന്യമുള്ള സോമാലിയ, സിറിയ; 30 രാജ്യങ്ങളിലേക്ക് മാത്രം വിസയുള്ള ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യാത്ര പരിധിയില്‍ മെച്ചപ്പെട്ട വളര്‍ച്ച കാണിച്ചിട്ടില്ലെന്നും, ബ്രെക്‌സിറ്റ് പോലെ മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നും വിദഗ്ദര്‍ സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട യാത്രാപ്രതിസന്ധികള്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകളുടെ ശക്തി കുറയ്ക്കാന്‍ കാരണമാകുന്നതായും വ്യക്തമാകുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: