ദേശീയതയല്ല കഴിവുകളാണ് മാനദണ്ഡം എന്ന തത്വത്തില്‍ തെരേസ മേ; പൗരന്മാര്‍ക്കുള്ള സൗകര്യങ്ങളെല്ലാം നഷ്ടമാകുമെന്ന് ഇയു

ബ്രെക്‌സിറ്റിനു ശേഷം യുകെ പിന്തുടരാനാഗ്രഹിക്കുന്ന കുടിയേറ്റ നയം ബാധിക്കുക ആ രാജ്യത്തിന്റെ തന്നെ പൗരന്മാരെയാണെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പൗരന്മാരോട് വിവേചനം പുലര്‍ത്തുന്ന തരത്തിലുള്ള നയങ്ങള്‍ അബദ്ധമാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ബ്രെക്‌സിറ്റ് ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ബെല്‍ജിയത്തില്‍ നിന്നുള്ള രാഷ്ട്രീയനേതാവായ ഗയ് വെഹോഫ്സ്റ്റാറ്റ് പറഞ്ഞു.

അതെസമയം കുടിയേറ്റ നയം അടക്കമുള്ള ബ്രെക്‌സിറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് വരുന്ന ഞായറാഴ്ച കൂടും. ഈ കോണ്‍ഫറന്‍സില്‍ വെച്ചു തന്നെ നയപ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനെ ഇതര രാജ്യങ്ങളെപ്പോലെത്തന്നെ പരിഗണിക്കുന്ന നിലപാടാണ് ലണ്ടന്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. തൊഴില്‍ വൈദഗ്ധ്യത്തെ ആസ്പദമാക്കിയാണ് യുകെയിലേക്കുള്ള കുടിയേറ്റം അനുവദിക്കപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇതില്‍ ഇളവ് നല്‍കാന്‍ തെരേസ മേക്ക് പദ്ധതിയില്ല.

പ്രധാനമന്ത്രി തെരേസ മേയുമായും, ആഭ്യന്തര മന്ത്രി സാജിദ് ജാവിദുമായും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഗയ് വെഹോഫ്സ്റ്റാറ്റ് കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ജാവിദുമായി ചൂടേറിയ തര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. കഴിവുകളാണ് ദേശീയതയല്ല മാനദണ്ഡം എന്ന തത്വത്തില്‍ തെരേസ മേ കാബിനറ്റ് പൊതുസമ്മതത്തിലെത്തിയിട്ടുണ്ട്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇതുവരെ ലഭ്യമായി വന്നിരുന്ന സൗകര്യങ്ങളെല്ലാം നഷ്ടമാകും. ബ്രിട്ടണിലേക്ക് വരാനാഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഇനി മറ്റുള്ളവരെപ്പോലെ ടെസ്റ്റുകള്‍ പാസ്സാകേണ്ടി വരും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: