ഉദ്ഘാടനത്തിനു തയ്യാറാകുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; റണ്‍വേ 4,000 മീറ്ററാക്കിയാക്കിയാല്‍ വിമാന സര്‍വീസുകള്‍ യൂറോപ്പിലേക്കും

പൊതുജനങ്ങള്‍ക്ക് പ്രവേശനമനുവദിച്ച ആദ്യദിവസം കണ്ണൂര്‍ വിമാനത്താവളം കാണാനെത്തിയത് ആയിരങ്ങള്‍. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തീയതിയും പ്രഖ്യാപിച്ചതോടെ പരിസരം ഉത്സവാന്തരീക്ഷത്തിലായി. ലോകത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളതെന്ന് കാണാനെത്തിയ പ്രവാസികളടക്കമുള്ളവര്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ഉദ്ഘാടനം ഉത്സവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കിയാലും നാട്ടുകാരും. 12 വരെയാണ് വിമാനത്താവളം സന്ദര്‍ശിക്കാന്‍ അവസരമുള്ളത്. രാവിലെ പത്തുമുതല്‍ നാലുവരെയാണ് പ്രവേശനം.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ നാലായിരം മീറ്ററാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി 245 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കഴിഞ്ഞ 29ന് നടന്ന കിയാല്‍ പൊതുയോഗം റണ്‍വേ വികസനം വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യൂറോപ്പിലേക്കോ മറ്റ് വിദൂരദേശങ്ങളിലേക്കോ സര്‍വീസ് നടത്തണമെങ്കില്‍ വലിയ വിമാനം ആവശ്യമാണ്.

അത്രയും ദൂരത്തില്‍ പോകാനുള്ള ഇന്ധനം നിറയ്ക്കാന്‍ പാകത്തിലുള്ള വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും നാലായിരം മീറ്ററോളമുള്ള റണ്‍വേ ആവശ്യമാണ്. നിലവില്‍ 3050 മീറ്റര്‍ റണ്‍വേയാണുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങളിറങ്ങുന്നതിന് ഈ സജ്ജീകരണം മതി. റണ്‍വേ നാലായിരം മീറ്ററായാല്‍ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.

നിലവില്‍ യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ വിസ്തീര്‍ണം 97,000 ചതുരശ്ര മീറ്ററാണ്. നിര്‍മാണത്തിലുള്ള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് 1.05 ലക്ഷം ചതുരശ്ര അടി. ചെക്ക് ഇന്‍ കൗണ്ടറുകള്‍24, ഇമിഗ്രേഷന്‍ കൗണ്ടര്‍ 32, ഇവിസ കൗണ്ടര്‍ 4, കസ്റ്റംസ് കൗണ്ടര്‍14, എയ്റോ ബ്രിഡ്ജുകള്‍ 6, പാര്‍ക്കിങ് സൗകര്യം 20 വിമാനം, പുറത്തെ പാര്‍ക്കിങ് 700 കാറുകള്‍, 200 ടാക്സികള്‍, 25 ബസ്സുകള്‍, എന്നിവക്കു പുറമെ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകള്‍, സെല്‍ഫ് ചെക്കിങ് മെഷീനുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: