എഞ്ചിന്‍ തകരാര്‍; ടൊയോട്ട അയര്‍ലണ്ടില്‍ നിന്ന് ഉള്‍പ്പെടെ 24 ലക്ഷം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു

ഡബ്ലിന്‍: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട ആഗോളതലത്തില്‍ 24 ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. വാഹനാപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന തകരാറിനെതുടര്‍ന്നാണ് തിരിച്ചു വിളിക്കുന്നത്. ഒരു മാസം മുമ്പ് ടൊയോട്ട പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. കാറുകളില്‍ തീപ്പിടുത്തത്തിന് വരെ കാരണമായേക്കാവുന്ന സാങ്കേതികപ്രശ്നത്തെതുടര്‍ന്നാണ് അന്ന് സെപ്റ്റംബര്‍ ആദ്യ വാരം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചത്. അയര്‍ലണ്ടില്‍ നിന്ന് 1,289 കാറുകളാണ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചു വിളിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിലെ തകരാറു മൂലം എന്‍ജിനില്‍ നിന്നുള്ള കരുത്തു ലഭിക്കാതെ വാഹനം നിശ്ചലമാവാനും സാധ്യതയുണ്ടെന്നുമാണ് കമ്പനിയുടെ മുന്നറിയിപ്പ്.

2008 ഒക്ടോബറിനും 2014 നവംബറിനുമിടയില്‍ നിര്‍മിച്ച ടൊയോട്ട പ്രിയസ്, ടൊയോട്ട ഔറിസ് ഹൈബ്രിഡ് വാഹനങ്ങളെയാണ് തിരിച്ചുവിളിച്ചത്. ജപ്പാനില്‍ മാത്രം പത്ത് ലക്ഷത്തിലധികം കാറുകള്‍ തിരിച്ചുവിളിക്കേണ്ടതായി വരും. വടക്കേ അമേരിക്കയില്‍ 8.30 ലക്ഷം കാറുകളും യൂറോപ്പില്‍ 2.90 ലക്ഷം കാറുകളും ചൈനയില്‍ മൂവായിരം കാറുകളും തിരിച്ചുവിളിച്ച് പരിശോധിക്കും. ബാക്കി ലോകത്തെ മറ്റ് പല രാജ്യങ്ങളിലുമാണ്. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചൈന, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളില്‍ വിറ്റു പോയ കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കും.

ഇപ്പോള്‍ തിരിച്ചുവിളിച്ച കാറുകള്‍ 2014 ലും 2015 ലും തിരിച്ചുവിളിച്ചവയാണെന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ അന്ന് ഇപ്പോഴത്തെ തകരാറ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ‘ഫെയില്‍സേഫ്’ ഡ്രൈവിംഗ് മോഡിലേക്ക് ഉദ്ദേശിച്ചപോലെ മാറാന്‍ കഴിയാതായതോടെയാണ് തകരാറ് തിരിച്ചറിഞ്ഞത്. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ജിന്‍ പവര്‍ വിച്ഛേദിക്കപ്പെടുകയും വാഹനം പെട്ടെന്ന് നിന്നുപോവുകയും ചെയ്യും. പവര്‍ സ്റ്റിയറിംഗ്, ബ്രേക്ക് എന്നിവ പ്രവര്‍ത്തിക്കുമെങ്കിലും അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നില്‍ക്കുന്നത് കൂട്ടിയിടികള്‍ക്ക് കാരണമാകുമെന്ന് ടൊയോട്ട ആശങ്ക പ്രകടിപ്പിച്ചു. ജപ്പാനില്‍ ഇത്തരം മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

1997 മുതല്‍ പ്രിയസ് ഉള്‍പ്പെടെ ഒരു കോടിയിലധികം ഹൈബ്രിഡ് (പെട്രോള്‍-ഇലക്ട്രിക്) കാറുകളാണ് ടൊയോട്ട ആഗോളതലത്തില്‍ വിറ്റത്. എയര്‍ബാഗ്, ഫ്യൂവല്‍ എമിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് 2016 ല്‍ ടൊയോട്ട ആഗോളതലത്തില്‍ 33.7 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: