പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശി അനൂപാണ് വരന്. രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മഹാദേവക്ഷേത്രത്തില്‍ വെച്ചായിരുന്നു അനൂപ് വിജയലക്ഷ്മിയ്ക്ക് താലി ചാര്‍ത്തിയത്. സെപ്റ്റംബര്‍ 10ന് ആയിരുന്നു മോതിരം മാറ്റം. സംഗീതലോകത്തിന്റെ പടവുകള്‍ താണ്ടുന്ന വിജയലക്ഷ്മിയുടെ സംഗീതപ്രാവണ്യമാണ് അനൂപിനെ ആകര്‍ഷിച്ചത്. മിമിക്രിയിലും സംഗീതത്തിലുമുള്ള അനൂപിന്റെ കലാവൈഭവം വിജയലക്ഷ്മിയുടെ മനസ്സിലും പതിഞ്ഞു.
സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. ഇതിനകം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
ഗായത്രിവീണ എന്ന അപൂര്‍വവാദ്യം വായിക്കുന്ന ഏകകലാകാരിയായ വിജയലക്ഷ്മി നിരവധി റിയാലിറ്റിഷോകളിലും വിദേശ സ്റ്റേജുകളിലും പാടി താരമായിട്ടുണ്ട്. വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളാണ് വിജയലക്ഷ്മി.