55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും നീണ്ട കടല്‍പ്പാലം ചൈനയില്‍ സഞ്ചാരത്തിന് റെഡി

ബെയ്ജിംഗ്: എന്‍ജിനിയറിംഗ് മികവിന്റെ പര്യായമായ ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം സഞ്ചാരത്തിന് തയാറായി. ചൈനീസ് വന്‍കരയെ ഹോങ്കോംഗ്, മക്കാവ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 55 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഡെല്‍റ്റ നദിയെ ചുറ്റി നിര്‍മിച്ചിരിക്കുന്ന പാലം ഹോങ്കോംഗ് – ഷുഹായ് – മക്കാവ് പാലം എന്നാണ് അറിയപ്പെടുന്നത്.

ഭൂകമ്പങ്ങളും, ചുഴലി കൊടുങ്കാറ്റുമൊക്കെ അതിജീവിക്കാന്‍ പറ്റുന്ന വിധത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. കപ്പല്‍ ഗതാഗതത്തിന് തടമുണ്ടാകാതിരിക്കാന്‍ 6.7 കിലോമീറ്റര്‍ ദൂരം പാലം കടലിനടിയിലൂടെയാണ് കടന്നു പോകുന്നത്. കൃത്രിമ ദ്വീപുകളുണ്ടാക്കിയാണ് ഇത് സാധ്യമാക്കിയത്. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വ്യോമപാത കടന്നു പോകുന്നതു കൊണ്ട് പാലത്തിന്റെ ഉയരം സംബന്ധിച്ച് അതീവ കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടി വന്നിരുന്നു.

2009 ല്‍ തുടങ്ങിയ പ്രൊജക്ട് 2016 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സുരക്ഷ ഉള്‍പ്പെടെ പലവിധ കാരണങ്ങളാല്‍ വൈകി. 20 ബില്യണിലധികം ഡോളറാണ് ചെലവു വന്നത്. ചൈനയുടെ രണ്ട് സ്പെഷല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയനുകളായ ഹോങ്കോംഗിനെയും, മക്കാവിനെയും വന്‍കരയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതു കൊണ്ട് വിവിധ നിയമ – രാഷ്ട്രീയ സംവിധാനങ്ങള്‍ ഇതില്‍ സമരസപ്പെട്ടു നില്‍ക്കുന്നു. യാത്രക്കാരെ കൊണ്ടുപോകുന്നതിന് ബസുകളും, വാണിജ്യ വാഹനങ്ങളും അനുവദിക്കുമെങ്കിലും ലോക്കല്‍ ടാക്സികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പരിമിതമായ തോതില്‍ സ്വകാര്യ കാറുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ നീക്കമുണ്ട്. ചരക്കു ഗതാഗതത്തിനും തടസമുണ്ടാകില്ല.

ഹോങ്കോംഗില്‍ നിന്ന് വന്‍കരയിലേക്ക് പോകുന്നതിന് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉണ്ടാകും. രണ്ട് ഇമിഗ്രേഷന്‍ സെന്ററുകള്‍ ഇതിനായി തുറന്നിട്ടുണ്ട്. കരയിലൂടെ ഡെല്‍റ്റ നദി ചുറ്റിയുള്ള യാത്ര നാലു മണിക്കൂര്‍ എടുത്തിരുന്നുവെങ്കില്‍ പാലത്തിലൂടെ ഈ ദൂരം പിന്നിടാന്‍ അര മണിക്കൂര്‍ മതിയാകും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: