തപാല്‍ ബോംബ് അയച്ചയാളെ കണ്ടെത്താന്‍ അമേരിക്കയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി

മിയാമി- അമേരിക്കയില്‍ ഡെമോക്രാറ്റ് നേതാക്കള്‍ക്കും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്കും തപാല്‍ ബോംബ് അയച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം. പത്ത് പൈപ്പ് ബോംബുകളുടെ ഉറവിടം കണ്ടെത്തുന്നതിന് മിയാമിക്ക് സമീപം യു.എസ് മെയില്‍ ഓഫീസില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വെറും ഭീഷണിയായല്ല, സ്ഫോടനത്തിനുശേഷിയുള്ള ഉപകരണങ്ങളായി കണ്ടു തന്നെയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് ഒ നെയില്‍ പറഞ്ഞു. ഇന്‍ര്‍നെറ്റില്‍ ലഭ്യമായ ബോംബ് നിര്‍മാണ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്ഫോടക വസ്തുക്കള്‍ രൂപപ്പെടുത്തിയതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നിറോ, മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുടെ മേല്‍വിലാസത്തില്‍ തപാലില്‍ വന്ന സ്ഫോടകവസ്തുക്കള്‍ കൂടി യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി നിര്‍വീര്യമാക്കി. ഡെമോക്രാറ്റ് നേതാക്കളായ ബറാക് ഒബാമ, ഹിലരി ക്ലിന്റണ്‍ തുടങ്ങിയവര്‍ക്കും സി.എന്‍.എന്‍ ന്യൂയോര്‍ക്ക് ബ്യൂറോയിലേക്കും അയച്ച തപാല്‍ ബോംബുകള്‍ കഴിഞ്ഞദിവസം കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു. 72 മണിക്കൂറിനിടെ പത്ത് തപാല്‍ ബോംബുകളാണു കണ്ടെത്തിയത്. പിവിസി പൈപ്പ്, ബാറ്ററി, പൊടി, ഇലക്ട്രിക് വയര്‍ എന്നിവയാണു പിടിച്ചെടുത്ത പാക്കറ്റുകളിലുണ്ടായിരുഇവ കൂടുതല്‍ പരിശോധനയ്ക്കായി വിര്‍ജീനിയയിലെ എഫ്.ബി.ഐ ലാബിലേക്കയച്ചിരിക്കയാണ്.

പ്രസിഡന്റ് ട്രംപിന്റെ വിമര്‍ശകര്‍ക്കാണു പ്രധാനമായും തപാല്‍ ബോംബുകള്‍ ലഭിച്ചത്. അമേരിക്കയില്‍ അടുത്ത മാസം ഇടക്കാല ഇലക്ഷന്‍ നടക്കാനിരിക്കു കയാണ്. ന്യൂയോര്‍ക്കിലെ ഗ്രീന്‍വിച്ച് തെരുവില്‍ ഡിനിറോയുടെ വക കെട്ടിടത്തിലെ മേല്‍വിലാസത്തില്‍ വന്ന പാക്കറ്റാണ് ആദ്യം കണ്ടെത്തിയത്.രണ്ടുമണിക്കൂറിനകം ഡെലാവെയറില്‍ ജോ ബൈഡന്റെ വസതിയിലെ വിലാസത്തിലും ഇത്തരം പാക്കറ്റ് എത്തിയതറിഞ്ഞ് എഫ്ബിഐയും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. ട്രംപിന്റെ കടുത്ത വിമര്‍ശകനായ ഡിനിറോ 2016 ലെ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപിനെ വിഡ്ഢിയെന്നു വിളിച്ചിരുന്നു.

മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രന്നന്‍, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, ജീവകാരുണ്യ പ്രവര്‍ത്തകനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കു കനത്ത സംഭാവന നല്‍കുന്നയാളുമായ ജോര്‍ജ് സോറോസ്, അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ തുടങ്ങിയവരുടെ വിലാസങ്ങളിലും തപാല്‍ ബോംബുകള്‍ എത്തി. യഥാസമയം കണ്ടെത്തിയതിനാല്‍ എവിടെയു് ആളപായമുണ്ടായില്ല. യഥാര്‍ഥ മേല്‍വിലാസക്കാരുടെ കൈകളില്‍ ഇവ എത്തിയിട്ടുമില്ല. തപാല്‍ ബോംബ് ആക്രമണ ഭീഷണിയെ വൈറ്റ് ഹൗസ് ശക്തിയായി അപലപിച്ചു. യു.എസ് രാഷ്ട്രീയത്തില്‍ അക്രമത്തിനും ഭീഷണിക്കും സ്ഥാനമില്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ജനങ്ങളില്‍ രോഷം ഇളക്കിവിടുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: