ഹിഗ്ഗിന്‍സിന് ചരിത്ര വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അന്തിമ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും

ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും, ദൈവനിന്ദ കുറ്റകരമാണെന്ന നിയമം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ജനഹിതപരിശോധനയും ഇന്നലെ അവസാനിച്ചതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇന്ന് രാവിലെ മുതല്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. 1997 ലെ വോട്ടെടുപ്പിന് ശേഷമുള്ള ഏറ്റവും കുറവ് പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. വോട്ടവകാശമുള്ളവരില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയതെന്നാണ് പ്രാഥമിക കണക്കുകള്‍.

യഥാര്‍ത്ഥ ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവിടും. നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. ഹിഗ്ഗിന്‍സിന് ലഭിക്കുന്ന ഭൂരിപക്ഷം എത്ര, മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക തിരിച്ചു പിടിക്കാന്‍ ആവശ്യമായ 12.5 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമോ എന്നീ ചോദ്യങ്ങള്‍ക്കാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. നവംബര്‍ 11 ന് ഡബ്ലിന്‍ കാസ്റ്റിലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റ് പദവി ഏറ്റെടുക്കും.

എക്‌സിറ്റ് പോള്‍ ഫലങ്ങളെലാം ഹിഗ്ഗിന്‍സിന് അനുകൂലമാണ്. RTÉ റെഡ് C എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഹിഗ്ഗിന്‍സ് – 58%, കാസി – 21%, നി റിയാദ- 7%, ഫ്രീമാന്‍ – 6%, ഗാലര്‍ – 6%, ഡഫി – 2% എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന വോട്ട് നിലവാരം. 1959 ല്‍ ഇമോന്‍ ഡി വലേറെ നേടിയ 56.3% വോട്ടിനെ ഹിഗ്ഗിന്‍സ് ഇത്തവണ മറകടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എക്‌സിറ്റ് പോള്‍ പ്രവചങ്ങള്‍ ശരിയാവുകയും ഹിഗ്ഗിന്‍സിന് 56 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുകയും ചെയ്താല്‍ ചരിത്ര വിജയമാകും ഹിഗ്ഗിന്‍സിന് സമ്മാനിക്കുക.

അതേസമയം ദൈവനിന്ദ കുറ്റകരമാണെന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 40.6.1 (ഐ) തിരുത്തല്‍ വരുത്താനുള്ള തീരുമാനത്തെ 71 ശതമാനം ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 26 ശതമാനം പേരാണ് ദൈവനിന്ദ കുറ്റകരമാണെന്ന നിയമം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച് വോട്ട് ചെയ്തവര്‍. വോട്ട് ചെയ്യാത്തവര്‍ 2 ശതമാനവും, ഇതില്‍ അഭിപ്രായം പറയാന്‍ താത്പര്യമില്ലാത്തവര്‍ 1 ശതമാനവുമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ വോട്ട് ചെയ്തത് എന്ന ചോദ്യവും ചോദിച്ചിരുന്നു. എന്നാല്‍ അതിന്റെ ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഐറിഷ് ടൈയിംസിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇതിന് സമാനമാണ്. അതില്‍ ഹിഗ്ഗിന്‍സിന് 56 ശതമാനം വോട്ട് ലഭിക്കുമെന്നും പീറ്റര്‍ കാസിക്ക്21 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചിക്കുന്നു. ദൈവനിന്ദ സംബന്ധിച്ച ജനഹിതപരിശോധനയില്‍ 69 ശതമാനം വോട്ടോടെ നിയമം എടുത്തുമാറ്റാനുള്ള അഭിപ്രായക്കാര്‍ വിജയിക്കുമെന്നും സൂചിപ്പിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: