കടുത്ത ശൈത്യത്തിന് തുടക്കമാകുന്നു; ഇന്ന് രാത്രി താപനില മൈനസ് 2 ഡിഗ്രിയിലേക്ക് താഴും

ഡബ്ലിന്‍: ശൈത്യകാലത്തിന് തുടക്കമാകുന്നുവെന്ന സൂചന നല്‍കി ഇന്ന് രാത്രി രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് മെറ്റ് ഐറാന്‍ സൂചന നല്‍കി. ആര്‍ട്ടിക്കില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് അയര്‍ലന്റിനെ കൊടുംതണുപ്പിലേക്ക് നയിക്കുന്നത്. കഴിഞ്ഞ വിന്ററില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കിയ ബീസ്റ്റ് ഓഫ് ദി ഈസ്റ്റിനു ശേഷം ആദ്യമായി ഐസ് വാണിംഗും നല്‍കിക്കഴിഞ്ഞു. വിന്റര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് രാജ്യം. രാജ്യത്തെ പല പ്രദേശങ്ങളിലും മൈനസ് 14 ഡിഗ്രി വരെയായിരിക്കും താപനിലയെന്നാണ് മുന്നറിയിപ്പ്. പല ഭാഗങ്ങളിലും ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് അയര്‍ലണ്ടിലെ ശൈത്യം കഠിനമാകുന്നത്.

വടക്ക് നിന്നുമുള്ള ന്യൂനമര്‍ദ്ദം അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള തണുത്ത കാറ്റുകളുമായി ചേര്‍ന്നാണ് അപ്രതീക്ഷിതമായി ശൈത്യം വര്‍ധിപ്പിച്ചത്. അള്‍സ്റ്റര്‍, കോനാക്ട് മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും രാത്രിയില്‍ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മഴയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. രാത്രിയില്‍ മൈനസ് 2 ഡിഗ്രിയ്ക്കും 2 ഡിഗ്രിക്കും ഇടയിലാകും താപനില. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റഷ്യ, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ താപനിലയായിരിക്കും മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുക.

വരുന്ന ആഴ്ചകളിലും അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വടക്കന്‍ പ്രദേശങ്ങളില്‍ ഈ മാസം അവസാനത്തോടെ മഞ്ഞുകാലം എത്തും. കൗണ്ടികളുടെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴ്ന്നത് മഞ്ഞ് കാലം എത്തിക്കഴിഞ്ഞു എന്ന സൂചന നല്‍കുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും ഇനി ഉണ്ടാവുക. ഒക്ടോബര്‍ അവസാന ദിവസങ്ങള്‍ തണുപ്പേറിയതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 25 വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില ആയിരിക്കും ഇത്തവണത്തേത്.

അടുത്ത ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.അതായത് വളരെ നേരിയ തോതില്‍ ആരംഭിക്കുന്ന ശൈത്യം പിന്നീട് മൂര്‍ധന്യത്തിലെത്തുകയായിരിക്കും ചെയ്യുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. അടുത്ത ആഴ്ചയുടെ രണ്ടാം പകുതിയില്‍ ശൈത്യ കാലാവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും കടുത്ത ഹിമപാതമുണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. അടുത്ത ആഴ്ചയുടെ ആദ്യ പകുതിയില്‍ ചെറിയ തോതിലാണ് ശൈത്യം തുടങ്ങുന്നതെങ്കിലും പുലര്‍കാലങ്ങളില്‍ പൊടിമഞ്ഞും പുകമഞ്ഞും കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

ശൈത്യം തുടങ്ങിയപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ മഴയും മഞ്ഞുവീഴ്ചയും ചേര്‍ന്ന് ദുരിത കാലാവസ്ഥയാണ്. റോഡുകളില്‍ വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും മൂലം യാത്രാ തടസവും ഏറും. ഈ വാരാന്ത്യം ദുരിതമാകാനാണ് സാധ്യത. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 9 ഡിഗ്രിക്കും 14 ഡിഗ്രിക്കും ഇടയിലാണ് താപനില. കനത്ത കാറ്റില്‍ റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണതും റോഡുകളിലെ മഞ്ഞും ഗതാഗതത്തിന് തടസമാകുന്നുണ്ട്. അപകടകരമായ കാലാവസ്ഥ കാരണം മിക്ക റോഡുകളിലും റെയില്‍ പാതകളിലും യാത്രാ തടസമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: