വിന്റര്‍ ടൈം: ക്‌ളോക്കിലെ സൂചി ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കാം; സമയമാറ്റ ക്രമീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടുന്നു

ഡബ്ലിന്‍: ശൈത്യകാല സമയ മാറ്റത്തിന്റെ ഭാഗമായി നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് അയര്‍ലണ്ടിലെ സമയക്രമത്തില്‍ വ്യത്യാസം വരുത്തും. അതിനാല്‍ വാച്ചുകളിലെയും ക്ലോക്കുകളിലെയും സമയം ഒരു മണിക്കൂര്‍ സമയം പിന്നോട്ട് തിരിച്ചു വയ്ക്കണം. അതായത് രാത്രി ഒരു മണിക്കൂര്‍ അധികം ഉറങ്ങാമെന്നര്‍ത്ഥം. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച മുതല്‍ ആണ് വിന്റര്‍ ടൈം ആരംഭിക്കുന്നത്. വിന്റര്‍ ടൈമില്‍ രാത്രി സമയം കൂടുതലും പകല്‍ കുറവും ആയിരിക്കും. ജോലി സമയം കൃത്യമാക്കുന്നതിന് വേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. ശനിയാഴ്ച രാത്രി ജോലിയിലുള്ളവര്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരും.

അതേസമയം വര്‍ഷത്തില്‍ ശീതകാലത്തും വസന്തകാലത്തും സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ഗവണ്മെന്റ് ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടുന്നു. അയര്‍ലണ്ടില്‍ നിലവിലെ വര്‍ഷത്തില്‍ രണ്ട് തവണയുള്ള സമയമാറ്റ സമ്പ്രദായം നിര്‍ത്തണമോ വേണ്ടയോ എന്ന് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ഐറിഷ് നിയമ മന്ത്രി ചാര്‍ളി ഫ്‌ളാനഗന്‍ ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ timeconsultation@justice.ie എന്ന ഇമെയില്‍ വിലാസത്തിലോ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. പ്രധാനമായും മൂന്ന് ചോദ്യങ്ങള്‍ക്കാണ് സമയമാറ്റം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്നത്. വര്‍ഷത്തില്‍ രണ്ട് തവണയുള്ള സമയ ക്രമീകരണം അവസാനിപ്പിക്കാമോ എന്നതാണ് ആദ്യത്തെ ചോദ്യം. അങ്ങനെ ഈ രീതി അവസാനിപ്പിച്ചാല്‍ വിന്റര്‍ സമയത്തിലാണോ, അതോ സമ്മര്‍ സമയത്തിലാണോ നിങ്ങള്‍ തുടരാന്‍ താത്പര്യപ്പെടുന്നത് എന്നതാണ് രണ്ടാമത്തേത്. ഐറിഷ് സമയം യുകെയുടെ സമയത്തോട് ഒത്തുപോകണമോ വേണ്ടയോ എന്നതാണ് അവസാനത്തെ ചോദ്യം. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും അയര്‍ലന്റിലെ പൊതുജനങ്ങള്‍ക്ക് നവംബര്‍ 30 വെള്ളിയാഴ്ചവരെ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

സമയമാറ്റം പൊതു ജനത്തിന് ആരോഗ്യ പ്രശ്‌നത്തിന് കാരണമാവുന്നുവെന്ന് പരക്കെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് സമയമാറ്റം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തത്. ഇതിനായി ബ്രസല്‍സ് പുതിയ നിയമ നിര്‍ണാണത്തിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 2021 ന്നോട് എല്ലാ ഇയു രാജ്യങ്ങളിലും സമയ ക്രമീകരണം അവസാനിപ്പിക്കും. ഇതിനായി നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സമയംമാറ്റ രീതി അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്നു. അയര്‍ലണ്ടിലെ 88 ശതമാനം പേരും സമയമാറ്റം അവസാനിപ്പിക്കുന്നതിന് സമ്മതം മൂളി. അടുത്ത വര്‍ഷം മുതല്‍ വിന്റര്‍ ടൈമിലാണോ സമ്മര്‍ ടൈമിലാണോ നില്‍ക്കേണ്ടതെന്ന കാര്യം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വിടും.

യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നു ടൈം സോണുകളിലായാണ് നിലകൊള്ളുന്നത്. രാജ്യങ്ങള്‍ക്കിടയിലെ ഇടപാടുകളും ആശയവിനിമയവും സുഗമമാക്കുന്നതിനായാണ് എല്ലാ രാജ്യങ്ങളും വിന്ററില്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് സമയം മാറ്റിവന്നിരുന്നത്. യൂണിയന്‍ അംഗരാജ്യങ്ങളെല്ലാം ഒക്ടോബറിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ക്ലോക്കുകള്‍ പിന്നിലേക്കാക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്യും. ഈ രീതിക്കാണ് യൂറോപ്യന്‍ യൂണിയന്‍ അന്ത്യം കുറിക്കുന്നത്.

 

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: