ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്റ്റാറ്റിയു ഓഫ് യൂണിറ്റി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാറ്റിയു ഓഫ് യൂണിറ്റി നര്‍മദാ നദീതീരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പട്ടേലിന്റെ 143-ാം ജന്മദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. 2,989 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രതിമയക്ക് 182 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണിത്. വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ പ്രതിമയുടെ പരസ്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതേസമയം മൂവായിരം കോടി ചെലവാക്കി ഇല്ലാത്ത വലിപ്പം ഉണ്ടെന്നു കാണിക്കാനുള്ള തത്രപ്പാടാണിതെന്നും ഇതൊന്നും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കില്ലെന്നും മറിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപകരിച്ചേക്കുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

2010 ഒക്ടോബര്‍ മാസത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേല്‍ പ്രതിമയുടെ നിര്‍മാണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാഷ്ട്രീയ ഏക്ത എന്നൊരു ട്രസ്റ്റ് ഇതിനായി രൂപീകരിക്കുകയും ചെയ്തു. ഇതൊരു വലിയ ജനകീയ മുന്നേറ്റമാക്കാനുള്ള പദ്ധതികളെല്ലാം ചെയ്തുവെച്ചിരുന്നു ഗുജറാത്ത് സര്‍ക്കാര്‍. ശില്‍പം നിര്‍മിക്കാനാവശ്യമായ ഇരുമ്പിനായി രാജ്യത്തെ കര്‍ഷകരുടെ പഴയ പണിസാമാനങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെമ്പാടുമായി നാല്‍പ്പതോളം ഓഫീസുകള്‍ സ്ഥാപിച്ചാണ് ഇവ ശേഖരിച്ചത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി മൂവ്‌മെന്റ് എന്ന പേരില്‍ ഇതിനെയൊരു പ്രസ്ഥാനമാക്കി മാറ്റി. ആറ് ലക്ഷം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തി 5000 ടണ്‍ ഇരുമ്പ് ശേഖരിച്ചു.

ഉരുക്കു കൊണ്ടുണ്ടാക്കിയ ഫ്രെയിമിനുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ചാണ് പ്രതിമയുടെ നിര്‍മാണം. ഇതിനു പുറമെ ചെമ്പ് പൂശുകയും ചെയ്തിരിക്കുന്നു. 182 മീറ്റര്‍ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. പ്രതിമയെ ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള തറയുടെ ഉയരമടക്കം 240 അടി ഉയരം വരും. 75,000 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റും 5700 ടണ്‍ ഉരുക്കും 18,500 ടണ്‍ ഉരുക്ക് കമ്പികളും 22,500 ടണ്‍ ചെമ്പുമാണ് പ്രതിമാ നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍. പ്രതിമയ്ക്ക് ചുറ്റുമായി ഒരു വന്‍ പൂന്തോട്ടവും കണ്‍വെന്‍ഷന്‍ സെന്ററും അമ്യൂസ്‌മെന്റ് പാര്‍ക്കും റിസര്‍ച്ച് സെന്ററും ഒരു ഹോട്ടലുമെല്ലാം പണിതീര്‍ത്തിട്ടുണ്ട്.

ഗുജറാത്ത് സര്‍ക്കാര്‍ 100 കോടി രൂപ ഈ പദ്ധതിക്കായി നീക്കി വെച്ചതാണ് ആദ്യത്തെ ഫണ്ട്. 2012-13 ബജറ്റിലായിരുന്നു ഇത്. പിന്നീട് 500 കോടി രൂപയുടെ നീക്കിവെയ്പ്പ് നടന്നു 2014-15 കാലത്ത്. ഇതേ സാമ്പത്തികവര്‍ഷത്തിലെ കേന്ദ്ര ബജറ്റില്‍ 200 കോടി രൂപ നീക്കി വെക്കുകയുണ്ടായി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച പ്രതിമയ്ക്ക് ഇതുവരെ 3001 കോടി രൂപ ചെലവായി. ഗുജറാത്ത് സര്‍ക്കാരാണ് നിര്‍മാണച്ചെലവ് വിവിധ വഴികളിലൂടെ കണ്ടെത്തിയത്. എല്‍&ടിയാണ് നിര്‍മാണക്കരാര്‍ ലേലത്തിലൂടെ ഏറ്റെടുത്തത്.

പട്ടേല്‍ പ്രതിമയെ ചെമ്പ് പൊതിയാന്‍ ചൈനയിലെ നാന്‍ചാങ്ങിലെ ജിയാങ്‌സി ടോക്വിന്‍ കമ്പനിയെ സമീപിച്ച സംഭവം വലിയ വിവാദമായി മാറി. ഈ മെറ്റല്‍ ഹാന്‍ഡിക്രാഫ്റ്റ്സ് കമ്പനിയുടെ 51,000 ചതുരശ്ര മീറ്റര്‍ വിശാലമായ നിര്‍മ്മാണശാലയിലാണ് ഈ പ്രതിമയുടെ നിര്‍മ്മാണം. ലോകത്തെ ഏറ്റവും വലിയ ഉരുക്കുവാര്‍പ്പു ശാല എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. നിര്‍മാണക്കരാര്‍ നേടിയ എല്‍&ടിയാണ് ഈ ഉപകരാറിലേര്‍പ്പെട്ടത്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ പ്രതിമയുടെ നിര്‍മാണമെന്ന് പ്രചാരണം നടത്തിവന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇതോടെ പ്രതിക്കൂട്ടിലായി. ചൈനയില്‍ നിന്നും പട്ടേല്‍ പ്രതിമയുടെ ചെമ്പ് ഭാഗങ്ങള്‍ വരുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി പട്ടേല്‍ പ്രതിമ മാറിക്കഴിഞ്ഞു. നിലവില്‍ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന ഖ്യാതി ചൈനയിലെ ഹെനാനില്‍ സ്ഥിതി ചെയ്യുന്ന സ്പ്രിങ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്കാണ്. 153 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. ഭക്തിയോ ആരാധനയോ ആയിരുന്നില്ല ഈ പ്രതിമയുടെ സ്ഥാപനത്തിനു പിന്നില്‍ എന്നതും കൗതുകകരമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ പുരാതനമായ ബുദ്ധപ്രതിമകള്‍ തകര്‍ത്തപ്പോഴാണ് പ്രതിമയുടെ സ്ഥാപനത്തിന് വഴിയൊരുങ്ങിയത്. വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവും ബുദ്ധപ്രതിമകള്‍ക്കു തന്നെയാണ്. നാലാംസ്ഥാനത്ത് റിയോ ഡി ജെനീറോയിലെ ക്രിസ്തു പ്രതിമയും അഞ്ചാംസ്ഥാനത്ത് ചൈനയിലെ ഒരു ബോധിസത്വ പ്രതിമയുമാണുള്ളത്. പ്രതിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മതപരമായ അധിനിവേശ സ്വഭാവം ശ്രദ്ധിക്കേണ്ടതാണ്. രാഷ്ട്രീയത്തിലേക്ക് മതപരത കയറിക്കൂടുന്നതിന്റെ ലക്ഷണങ്ങളായും പ്രതിമാസ്ഥാപനങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെ പ്രശസ്ത ശില്‍പ്പി 90-കാരന്‍ റാം വി സുതര്‍ ആണ് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ഊര്‍ദ്ധ്വകായ പ്രതിമ നിര്‍മ്മാണത്തില്‍ ഏറെ പേരെടുത്തയാളാണ് സുതര്‍. ഇതിന്റെ പകര്‍പ്പുകള്‍ ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന, ബാര്‍ബഡോസ്, റഷ്യ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ പകര്‍പ്പ് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ കാണാം. ഗാന്ധിനഗറിലും ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലും ഉള്ള 17 അടി ഉയരമുള്ള ധ്യാനനിമഗ്‌നനായിരിക്കുന്ന മഹാത്മാ ഗാന്ധി പ്രതികളും അദ്ദേഹത്തിന്റേതാണ്.

പ്രതിമാനിര്‍മാണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കലില്‍ രാജ്യത്ത് ഏറ്റവും കുപ്രസിദ്ധിയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കര്‍ഷകരുടെ ഭൂമി യാതൊരു വ്യവസ്ഥയുമില്ലാതെ ഏറ്റെടുത്ത് വ്യവസായങ്ങള്‍ക്ക് നല്‍കുന്നത് ഗുജറാത്തില്‍ ഒരു സാധാരണ കാര്യമാണ്. പട്ടേല്‍ പ്രതിമയുടെ കാര്യത്തിലും ക്രൂരമായ ഈ ഏറ്റെടുക്കല്‍ മാര്‍ഗങ്ങള്‍ അവലംബിക്കപ്പെട്ടു. തങ്ങളുടെ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ പട്ടേല്‍ പ്രതിമ മോദി ഉദ്ഘാടനം ചെയ്യുന്ന ദിവസം ആഹാരം കഴിക്കാതെ പ്രതിഷേധിക്കും. ആരെങ്കിലും മരിക്കുമ്പോഴാണ് സാധാരണ ഇങ്ങനെ നിരാഹാരം അനുഷ്ഠിക്കാറുള്ളത്. വടക്കേ ഗുജറാത്തിലെ ബാണസ്‌കന്ദ മുതല്‍ തെക്കന്‍ ഗുജറാത്തിലെ ഡാങ് ജില്ല വരെയുള്ള 9 ആദിവാസി ജില്ലകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.പ്രതിമ പദ്ധതി പ്രതികൂലമായി ബാധിച്ച 72 ഗ്രാമങ്ങളില്‍ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങള്‍ക്കാണ്. അതില്‍ 19 ഗ്രാമങ്ങളില്‍ പുനരധിവാസപ്രവര്‍ത്തനം നടന്നിട്ടില്ല എന്ന ആരോപണമുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: