ചരിത്രം കുറിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്; സൂര്യനടുത്ത് സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തു

ശൂന്യാകാശത്ത് പുതിയ ചരിത്രം കുറിച്ചു നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന ബഹിരാകാശ പേടകം. സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവെന്ന റെക്കോഡ് ഇനി ഈ പേടകത്തിനു സ്വന്തം. പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ 26.55 ദശലക്ഷം മൈല്‍ അടുത്തുകൂടി ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 1.04 മണിക്ക് കടന്നുപോയതായി നാസ അറിയിച്ചു.

സൂര്യന്റെ ഉപരിതലത്തിലെ താപനില ഊഹിക്കാന്‍ പോലും കഴിയാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് ഈ പേടകം തയ്യാറാക്കിയിരിക്കുന്നത്. ഏത് കൊടും ചൂടിനേയും പ്രതിരോധിക്കാനുള്ള താപകവചം കൊണ്ട് മൂടിയതാണ് പേടകം. സൂര്യനില്‍ നിന്നുള്ള വികരണങ്ങളെ കുറിച്ചും സൗരവാതങ്ങളെ കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം.

സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. ഇത്രയും അടുത്തുള്ള ഭ്രമണപഥത്തില്‍ വെച്ച് സൂര്യന്റെ അതിഭീമമായ താപത്തെ നേരിടാന്‍ കഴിയുന്ന താപ പ്രതിരോധ കവചമാണുള്ളത്. അതി ശക്തമായ ചൂടും സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെയും നേരിട്ട് സൗരവാതങ്ങളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ പേടകത്തിന് സാധിക്കും. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ്‍ ഡോളറാണ് ചിലവ്.

ഗ്രഹങ്ങളിലെ കാലാവസ്ഥയെ സൗരവാതങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്താന്‍ സാധിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സൂര്യന്റെ ഉപരിതലത്തേക്കാള്‍ 300 ഇരട്ടി താപനിലയുള്ള കൊറോണയില്‍ വീശിയടിക്കുന്ന പ്ലാസ്മ, ഊര്‍ജ തരംഗങ്ങള്‍, സൗരക്കാറ്റ് എന്നിവ ഭൂമിയയും സ്വാധീനിക്കുന്നുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: