സ്‌ട്രോബറിയില്‍ തയ്യല്‍സൂചി, ഓസ്‌ട്രേലിയയില്‍ 50 കാരി അറസ്റ്റില്‍

ക്വീന്‍സ്ലാന്‍ഡ്: സ്ട്രോബറിപ്പഴത്തില്‍ തയ്യല്‍സൂചി കണ്ടെത്തിയ സംഭവത്തില്‍ ഓസ്‌ട്രേലിയയില്‍ 50 കാരി അറസ്റ്റില്‍. മൂന്ന് മാസത്തോളം ക്വീന്‍സ്ലാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിച്ച സൂചിപ്പേടിക്ക് ഇതോടെ വിരാമമായി. സ്‌ട്രോബറി കഴിച്ച ഒരാള്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായതാണ് സംഭവങ്ങളുടെ തുടക്കം. ക്വീന്‍സ്ലാന്‍ഡില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂടകളില്‍ വിറ്റഴിച്ചിരുന്ന പഴങ്ങള്‍ക്കകത്താണ് സൂചി കണ്ടെത്തിയത്. കൂടുതലും സ്ട്രോബറികളായിരുന്നു. ആപ്പിള്‍, മാമ്പഴം തുടങ്ങിയവയിലും സൂചി കണ്ടെത്താന്‍ തുടങ്ങിയതോടെ ജനം പഴങ്ങള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ നൂറിലധികം സംഭവങ്ങള്‍ ഓസ്ട്രേലിയയുടെ ആറു സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ ഇടപെട്ട് സ്ട്രോബറി വില്‍പ്പന നിര്‍ത്തിവെച്ചു. അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തേയും നിയോഗിച്ചു.

ഇതിനിടെ ക്വീന്‍സ്ലാന്‍ഡ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പഴങ്ങളില്‍ സൂചി നിക്ഷേപിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.10 മുതല്‍ 15 വര്‍ഷം വരെ ഇവര്‍ക്ക് തടവ് ലഭിച്ചേക്കാമെന്ന് പോലീസ് പറഞ്ഞു. ബ്രിസ്‌ബൈന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും, ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ഉദ്ദേശ്യം വ്യക്തമല്ലാത്തതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ കഴിയില്ല എന്ന് കോടതി പരാമര്‍ശിച്ചു. ജാമ്യത്തില്‍ വിട്ടാല്‍ പൊതുജനങ്ങളുടെ രോഷം ഇവരുടെ നേരേയുണ്ടാകുമെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി.

രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷമാണ് ക്വീന്സ്ലാന്റ് പൊലീസ് ജൂഡിയെ അറസ്റ്റ് ചെയ്തത്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും, സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള മായം ചേര്‍ക്കലും ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഏതോ പ്രതികാരത്തിന്റെയോ തര്‍ക്കത്തിന്റെയോ ഭാഗമായാണ് ഇവര്‍ ഇത്തരമൊരു കൃത്യം ചെയ്തതെന്ന് പൊസീസ് അറിയിച്ചു. എന്നാല്‍ എന്തിനുള്ള പ്രതികാരം എന്ന കാര്യം വ്യക്തമല്ല. ആദ്യം സൂചി കണ്ടെത്തിയ സ്‌ട്രോബറി കമ്പനികളുടെ ഫാമില്‍ സൂപ്പര്‍വൈസറായി ജൂഡി ജോലി ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ക്വീന്‍സ്ലാന്റ് ഉള്‍പ്പെടെ ഓസ്ട്രേലിയയുടെ ആറു സംസ്ഥാനങ്ങളില്‍ സ്‌ട്രോബറികളില്‍ തയ്യല്‍ സൂചികള്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 12നു ക്വീന്‍സ്ലാന്റിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളും സ്ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വര്‍ഷം 1.15 കോടി ഡോളറിന്റെ (834 കോടിയോളം രൂപ) സ്‌ട്രോബറി വ്യാപാരം നടക്കുന്ന നഗരമാണ് ക്വീന്‍സ്ലാന്‍ഡ്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: