ക്രിപ്റ്റോ കറന്‍സി മൂല്യത്തില്‍ വന്‍ ഇടിവ്; നിക്ഷേപകര്‍ക്ക് നഷ്ടമായത് 49 ലക്ഷം കോടി

2018ലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി ഇടിവ് തുടരുന്നു. ഏറ്റവും പ്രചാരത്തിലുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില യൂറോപ്പില്‍ ഞായറാഴ്ച അര്‍ധരാത്രി 4.5 ശതമാനം ഇടിഞ്ഞ് 3,092 യൂറോയിലെത്തി. കഴിഞ്ഞ ആഴ്ച 33 ശതമാനവും ഈ വര്‍ഷം 75 ശതമാനവുമാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഇടിവുണ്ടായത്. ക്രിപ്‌റ്റോകറന്‍സികള്‍ എല്ലാംതന്നെ താഴേക്കാണ്. കഴിഞ്ഞ വര്‍ഷം 17341 യൂറോ വരെ കയറിയ ബിറ്റ്‌കോയിന്‍ ഇതുവരെ 82 ശതമാനവും റിപ്പിള്‍ എന്ന വര്‍ച്വല്‍ കറന്‍സി 5.3 ശതമാനം ഇടിഞ്ഞ് 35 സെന്റുമായി. റിപ്പിളിന്റെ ഏറ്റവും വലിയ വിലയില്‍നിന്ന് 90 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

വലിയ ഇടിവ് തുടരുന്നുവെങ്കിലും നിരവധിപ്പേര്‍ ഇപ്പോഴും ഇത്തരത്തിലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ പിന്നാലെയാണെന്ന് ട്രേഡിംഗ് കമ്പനിയായ ഒറാന്‍ഡ കോര്‍പ്പിന്റെ സ്റ്റീഫന്‍ ഇന്‍സ് പറയുന്നു. ബിറ്റ്‌കോയിന്റെ വില 2500 യൂറോയിലേക്ക് ഇടിഞ്ഞാല്‍ ഇതില്‍നിന്ന് പലരും പിന്‍വലിയുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും കേന്ദ്ര ബാങ്കുകളും ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരേ കടുത്ത നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ ഈ രംഗത്തെ പടലപ്പിണക്കം കൂടിയായതോടെയാണ് ഇടിവിന്റെ തോത് ഉയര്‍ന്നത്.

വെള്ളിയാഴ്ച ഒരവസരത്തില്‍ ബിറ്റ്കോയിനിന്റെ മൂല്യം 3527 യൂറോയിലേക്ക് ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് 23 ശതമാനം ഇടിവാണ് ഇതോടെ ബിറ്റ്കോയിനിന്റെ മൂല്യത്തിലുണ്ടായത്. 2017 ഡിസംബറില്‍ 10500 യൂറോയിലെത്തി റെക്കോഡിട്ട ബിറ്റ്കോയിനാണ് ഇപ്പോള്‍ ഈ നിലയിലേക്ക് പതിച്ചിരിക്കുന്നത്. ചില ക്രിപ്റ്റോ കറന്‍സികള്‍ക്ക് റെക്കോഡ് നിലയില്‍ നിന്ന് ഇതിനോടകം 70 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയോടെ മൂല്യം ഇനിയും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2200 യൂറോ വരെ താഴ്ന്നാലും അത്ഭുതപ്പെടാനില്ല. എന്നാല്‍, ഇപ്പോഴും നിക്ഷേപകര്‍ ഈ വിപണിയില്‍ സജീവമാണ്. വില തിരിച്ചുകയറുമെന്ന പ്രതീക്ഷയില്‍ വാങ്ങിക്കൂട്ടുന്നവരും കുറവല്ല. അയര്‍ലണ്ടിലും ഇത്തരത്തിലുള്ള നിക്ഷേപകരുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സികളിലൊന്നായ ബിറ്റ്കോയിനിന്റെ ഉപജ്ഞാതാക്കള്‍ തമ്മിലുള്ള പിണക്കങ്ങളാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. ‘ബിറ്റ്കോയിനി’ല്‍ നിന്ന് വിഭജിച്ച് ‘ബിറ്റ്കോയിന്‍ ക്യാഷ്’ കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചിരുന്നു. ഇപ്പോള്‍ ബിറ്റ്കോയിന്‍ ക്യാഷിന്റെ നിയന്ത്രണത്തിനു വേണ്ടിയാണ് പോര്. ബിറ്റ്കോയിന്‍, ഈഥേറിയം, റിപ്പിള്‍, ലൈറ്റ്കോയിന്‍, ടെഥര്‍ തുടങ്ങി നൂറിലേറെ ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് നിലവിലുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: