ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡബ്ലിന്‍ നഗരത്തില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി

ഡബ്ലിന്‍: ഭവന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഇന്നലെ ആയിരക്കണക്കിന് പേര്‍ ഡബ്ലിന്‍ സിറ്റി സെന്ററില്‍ അണിനിരന്നു. രൂക്ഷമായി തുടരുന്ന ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തരനടപടികള്‍ ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധസമരവുമായെത്തിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി സംഘടനകളുടെ പ്രതിനിധികളോടൊപ്പം കമ്മ്യൂണിറ്റി ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും അണിനിരന്നു. ഉച്ചയോടെ Parnell Square ല്‍ ആരംഭിച്ച പ്രധിഷേധ സമരം Dame Street ല്‍ അവസാനിപ്പിച്ചു.

വീടില്ലാതെ തെരുവില്‍ അന്തിയുറങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ജോനാഥന്‍ കോറിയുടെ ഓര്‍മ്മദിവസമായിരുന്നു ഇന്നലെ. 2014 ഡിസംബറിലാണ് ഡബ്ലിനിലെ ഒരു വീടിന്റെ വരാന്തയില്‍ ജോനാഥന്‍ കോറി എന്നയാള്‍ മരിച്ചുകിടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഈ സംഭവം അയര്‍ലണ്ടില്‍ വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചു. അടിയന്തിര സൗകര്യങ്ങള്‍ ഒരുക്കി ഗവണ്മെന്റ് പ്രശ്‌നത്തിന്റെ കാഠിന്യം കുറച്ചെങ്കിലും ഓരോ സീസണിലും ഭവനപ്രതിസന്ധിയില്‍ അന്തിമ പരിഹാരം കാണാതെ ഗവണ്മെന്റ് വലയുകയാണ്. വീടില്ലാത്തവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.

ഭവനപ്രതിസന്ധി രൂക്ഷമാണെന്നത് സത്യമായ വസ്തുതയാണെന്ന് ഭവന മന്ത്രി ഈഗന്‍ മര്‍ഫി വ്യക്തമാക്കുന്നു. ഒക്ടോബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 9,724 പേര്‍ക്ക് എമര്‍ജന്‍സി അക്കോമഡേഷന്‍ ഒരുക്കിയിട്ടുണ്ട്. ഡബ്ലിനില്‍ മാത്രം 70 കുടുംബങ്ങള്‍ ഒക്ടോബറില്‍ എമര്‍ജന്‍സി അക്കോമഡേഷനില്‍ അഭയം തേടി. വീടില്ലാത്തവരുടെ അടിയന്തിര താമസസൗകര്യത്തിനായി പുതിയ ഫണ്ട് വകയിരുത്തുമെന്നും ഫാമിലി ഹബുകള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാഷണല്‍ ഹോംലെസ്, ഹൗസിങ് കോലിയേഷന്‍ എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. റെന്റ് സപ്ലിമെന്റ് ഉയര്‍ത്താനും ഇവര്‍ ആവശ്യപ്പെട്ടു. 30ലേറെ സംഘടനകള്‍ ചേര്‍ന്നാണ് ഇക്കാര്യത്തില്‍ പ്രതിഷേധത്തിന് പൊതുവേദി തയ്യാറാക്കിയിരുന്നത്. വിവിധ ട്രേഡ് യൂണിയനുകളും ഭാഗമായിരുന്നു. പങ്കെടുത്തില്‍ നിരവധി പേര്‍ ഭവന പ്രതിസന്ധി നേരിട്ട് അനുഭവിക്കേണ്ടി വന്നവരാണ്. ഹോട്ടലുകളില്‍ ജീവിക്കുന്നവരും വാടകവീടുകളില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുള്ളവരും പങ്കെടുത്തവരിലുണ്ടായിരുന്നു. സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചവര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയുണ്ടായി,

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: