ഫ്രാന്‍സില്‍ കലാപത്തിന് അയവില്ല, തല്‍ക്കാലം അടിയന്തരാവസ്ഥയില്ലെന്ന് ഗവണ്‍മെന്റ്; പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും

ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മക്രോണ്‍ ഗവണ്‍മെന്റിന്റെ ഇന്ധന, വാഹന നികുതി വര്‍ദ്ധന അടക്കമുള്ള തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നു. പാരീസില്‍ കലാപം അക്രമാസക്തമായിരുന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് ആലോചിക്കുന്നതായി ഗവണ്‍മെന്റ് വക്താവ് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് ഏറ്റവുമൊടുവില്‍ ഫ്രഞ്ച് ഗവണ്‍മെന്റ് പറയുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തില്‍ അടിന്തര സുരക്ഷാ യോഗത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ചര്‍ച്ചയായില്ലെന്നാണ് സൂചന. യോഗ തീരുമാന പ്രകാരം പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തും. മഞ്ഞ കോട്ടുധാരികളാണ് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്ധന വില വര്‍ദ്ധനക്കെതിരായി രണ്ടാഴ്ച മുമ്പ് തുടങ്ങിയ പ്രതിഷേധം വിവിധ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി മാറുകയും നൂറു കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ കത്തിക്കുകയും പൊലീസുമായും സുരക്ഷാസേനയുമായും ഏറ്റമുട്ടുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭത്തില്‍ ഇതുവരെ 288 പേര്‍ അറസ്റ്റിലായി എന്നാണ് ഔദ്യോഗിക കണക്ക്.

അതേ സമയം 412 പേരെ അറസ്റ്റ് ചെയ്തതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അധികൃതര്‍ ചര്‍ച്ചയ്ക്ക വിളിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ വിവിധയിടങ്ങളില്‍ റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ക്ക് ഷോപ്പിങ് മാളുകള്‍, ഫാക്ടറികള്‍, ഇന്ധന ഡിപ്പോകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: