തെരേസ മേയ് ഇന്ന് അയര്‍ലണ്ടിലേക്ക്; ബ്രെക്‌സിറ്റില്‍ പിന്തുണ തേടി വരേദ്കറുമായി കൂടിക്കാഴ്ച നടത്തും

ഡബ്ലിന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തും. ഡബ്ലിനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറുമായി ചര്‍ച്ച ചെയ്യും. ബ്രെക്‌സിറ്റിന് ശേഷവും ബ്രിട്ടനും അയര്‍ലണ്ടിനുമിടയില്‍ കൂട്ടിച്ചേര്‍ത്തലുകളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത അതിര്‍ത്തിയാണ് ഇരു നേതാക്കളുടെയും ആവശ്യം. 2017 ജനുവരിയിലാണ് മേയ് അവസാനമായി അയര്‍ലണ്ട് സന്ദര്‍ശനം നടത്തിയത്. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്റെയും അയര്‍ലണ്ടിന്റെയും വഴികള്‍ വ്യത്യസ്തമാണെങ്കിലും, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കപെടുമെന്ന് അന്നത്തെ പ്രധനമന്ത്രി എന്‍ഡാ കെന്നി ഉറപ്പ് നല്‍കിയിരുന്നു.

ബ്രെക്‌സിറ്റ് ഉടമ്പടിയുമായി മുന്നോട്ടുപോകാന്‍ പിന്തുണ ആവശ്യപ്പെട്ടാണ് മേയ് ഇത്തവണ വരേദ്കറുമായി കൂടിക്കാഴ്ച നടത്തുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് എന്നിവരുമായി മേയ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രസല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗദ് ജന്‍കര്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് എന്നിവരുമായും മേ അടുത്ത ദിവസം കൂടിക്കാഴ്ച നടത്തും. എം.പി.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിപ്രശ്‌നത്തില്‍ കൂടുതല്‍ ഉറപ്പ് ആവശ്യമാണെന്ന് മേയ് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് കരട് ഉടമ്പടിക്ക് അംഗീകാരം തേടാന്‍ ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പില്‍ നിന്ന് ചൊവ്വാഴ്ച മേയ് പിന്മാറിയിരുന്നു. വോട്ടെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്ന സൂചനയെത്തുടര്‍ന്നായിരുന്നു ഇത്. ജനുവരി 21-ന് മുമ്പായി വോട്ടെടുപ്പ് നടത്തുമെന്ന് അവരുടെ വക്താവ് ചൊവ്വാഴ്ച അറിയിച്ചു.

അതേസമയം, ബ്രെക്‌സിറ്റ് ഉടമ്പടിയിന്മേല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ ഇനിയും ഇടപെടലുകള്‍ നടത്തില്ലെന്നും എന്നാല്‍, കൂടുതല്‍ വ്യക്തത വരുത്താനുള്ള സാധ്യതകളുണ്ടെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ പറഞ്ഞു. കരാര്‍പ്രകാരം യൂറോപ്യന്‍ യൂണിയന്റെ അനുമതിയില്ലാതെ യു.കെ.യ്ക്ക് അതിര്‍ത്തിപ്രശ്‌നത്തില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പോകണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് ജര്‍മനിയുടെ യൂറോപ്യന്‍ അഫയേഴ്സ് മന്ത്രി മിഷേല്‍ റോത് പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: