യൂറോപ്പിലേക്കുള്ള കടല്‍പ്പാതകള്‍ ഉയര്‍ത്തുന്ന കാലാവസ്ഥാവ്യതിയാനം

യുഎസ് ദേശീയ സമുദ്ര അന്തരീക്ഷ ഭരണ വിഭാഗം (എന്‍ഒഎഎ) ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആഗോള സമുദ്രനിരപ്പ് 2100 ആകുമ്പോഴേക്കും 0.3- 2.5 മീറ്റര്‍ ഉയരും. 2012-ല്‍ പരമാവധി രണ്ടു മീറ്റര്‍ വരെയേ ഉയരുകയുള്ളൂവെന്ന് കരുതിയ സ്ഥാനത്താണിത്. ഉയരുന്ന സമുദ്രനിരപ്പ് സൃഷ്ടിക്കുന്ന അടിയന്തര സാഹചര്യമാണ് 1990-ല്‍ ചെറു ദ്വീപ് രാഷ്ട്രസഖ്യം (എഒഎസ്ഐഎസ്) രൂപീകരിക്കാന്‍ കാരണമായത്. ഇന്ന് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ 19-ഉം പസിഫിക്കിലെ 16-ഉം ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാലും അഞ്ച് നിരീക്ഷകരുമടക്കം 39 സഖ്യാംഗങ്ങളാണ് എഒഎസ്ഐഎസിലുള്ളത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ആര്‍ട്ടിക് സമുദ്രം വഴി വടക്കുപടിഞ്ഞാറന്‍ കപ്പല്‍പ്പാത കണ്ടെത്താനുള്ള ശ്രമം വിവിധ രാജ്യക്കാരായ നാവികര്‍ നടത്തിയിരുന്നു. വടക്കന്‍ അറ്റ്ലാന്റിക്കിനും വടക്കന്‍ പസഫിക്കിനുമിടയിലൂടെ കുറുക്കുവഴിയായിരുന്നു ലക്ഷ്യം. ഗ്രീന്‍ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തു കൂടി പര്യടനം നടത്തിയ നാവികര്‍ കാനഡയിലെ ആര്‍ട്ടിക് ദ്വീപ് വഴി അലാസ്‌കയ്ക്കും റഷ്യയ്ക്കുമിടയിലുള്ള ബെറിംഗ് പാതയില്‍ക്കൂടി കടന്നു പോയി.

ഈ മേഖലയിലെ പ്രധാന പ്രശ്നമെന്തെന്നാല്‍ വേനല്‍ക്കാലത്ത് പോലും മഞ്ഞുകട്ടകള്‍ കപ്പല്‍ഗതാഗതം തടസപ്പെടുത്തുന്നുവെന്നതാണ്. 1845 ല്‍ ബ്രിട്ടനിലെ സര്‍ ഫ്രാങ്കല്‍ എന്ന ബ്രിട്ടീഷ് നാവികനും 129 ജീവനക്കാരും സഞ്ചരിച്ച രണ്ട് കപ്പലുകള്‍ തകര്‍ന്നത് മഞ്ഞുകട്ടകളില്‍ തട്ടിയാണ്. എന്നാല്‍, 170 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വേനല്‍ക്കാലത്തെ ആര്‍ട്ടിക് സമുദ്രം മഞ്ഞുകട്ടകളെ ഉരുക്കി സുഗമസഞ്ചാരത്തിന് പാതയൊരുക്കുകയാണ്. ആഗോള താപനമാണ് ഇതിനു കാരണം. അതായത്, ആര്‍ട്ടിക് മഞ്ഞുരുക്കം വടക്കുപടിഞ്ഞാറന്‍ കപ്പല്‍പ്പാതയെ സാമ്പത്തികമായി ലാഭകരമായ ഗതാഗത മാര്‍ഗ്ഗമായി മാറ്റുന്നുവെന്നര്‍ത്ഥം.

യൂറോപ്പിലേക്കോ കിഴക്കന്‍ അമേരിക്കയിലേക്കോ ചരക്കെത്തിക്കുന്ന ചൈനീസ്, ജാപ്പനീസ് ഷിപ്പിംഗ് കമ്പനികള്‍ക്ക് ഇതുവഴി ആയിരക്കണക്കിന് മൈലുകള്‍ യാത്രാലാഭം കിട്ടുന്നു. ഇപ്പോള്‍ ഈ കമ്പനികള്‍ പനാമ, സൂയസ് കനാലുകള്‍ ചുറ്റിയാണ് കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ കാനഡ തികഞ്ഞ പ്രതീക്ഷ പുലര്‍ത്തുന്നു. വിഷയത്തില്‍ ഈ വര്‍ഷം തന്നെ തീരുമാനമുണ്ടാകുമെന്ന് കാനഡ വാണിജ്യ മന്ത്രി ജിം കാര്‍ അറിയിച്ചു.എങ്കിലും ഇപ്പോഴും ഈ പാതയുടെ അപകടസാധ്യത നിലനില്‍ക്കുന്നു. മഞ്ഞുമലകള്‍ വലിയ പ്രശ്നം തന്നെയാണ്.

2014-ല്‍ കാനഡയില്‍ നിന്നു ചൈനയിലേക്ക് നിക്കലുമായി പുറപ്പെട്ട ന്യൂനാവിക് ആണ് ഈ പാത ആദ്യമായി ഉപയോഗിച്ച ആദ്യ ചരക്കുകപ്പല്‍. ഫെഡ്നാവ് എന്ന കമ്പനിയുടെ കപ്പലില്‍ മാനേജര്‍ ടിം കീന്‍ യാത്ര ചെയ്തിരുന്നു. മഞ്ഞുമലകള്‍ തടസ്സം സൃഷ്ടിച്ചതിനാല്‍ അതൊരു വിരസമായ യാത്രയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്യൂബെക്കില്‍ നിന്നും ചൈനയിലേക്കുള്ള യാത്ര പൂര്‍ത്തീകരിക്കാന്‍ 26 ദിവസമേ എടുത്തുള്ളൂ. പനാമ കനാല്‍ വഴിയുള്ള തിരിച്ചുവരവിന് എടുക്കുന്നതിനേക്കാള്‍ രണ്ടാഴ്ച കുറവ്.

ഇപ്പോഴും ഈ പാതയിലൂടെ പോകുന്ന കപ്പലുകള്‍ ചുരുക്കമാണ്. എന്നാല്‍ അവയുടെ എണ്ണത്തില്‍ വര്‍ധന കണ്ടു വരുന്നുണ്ട്. 2017 ല്‍ 32 കപ്പലുകളാണ് ഇതു വഴി യാത്ര ചെയ്തത്, എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രമായിരുന്നു ചരക്കുവാഹിനി. പായ്ക്കപ്പലുകള്‍, ഐസ് ബ്രേക്കറുകള്‍ എന്നിവയായിരുന്നു കൂടുതലും. ഇതോടൊപ്പം ഓരോ വിനോദയാത്രാ കപ്പലും ടാങ്കറും ഉള്‍പ്പെടുന്നു. 2015ല്‍ 16ഉം 2016 ല്‍ 18ഉം കപ്പലുകളായിരുന്നു ഇതുവഴി പോയത്.

കനേഡിയന്‍ ലോജിസ്റ്റിക്സ് കമ്പനിയായ ഫാത്തം മറൈന്‍ ഈ മേഖലയിലെ കപ്പല്‍ ഗതാഗതം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രദേശത്ത് കൂടുതല്‍ ഖനന പദ്ധതികള്‍ ഉള്ളതാണ് വിശ്വാസത്തിനു കാരണം. ഫാത്തമിന്റെ പ്രസിഡന്റ് നീല്‍സ് ഗ്രാം പറയുന്നത് പദ്ധതികള്‍ക്കായി നാവികമേഖലയില്‍ നിന്നുള്ള പിന്തുണയാര്‍ജ്ജിക്കുകയെന്നത് അല്‍പ്പം ക്ലേശകരമായി തോന്നാമെങ്കിലും കൂടുതല്‍ ധാതുഖനന പദ്ധതികള്‍ ലോകമെമ്പാടും നടക്കുന്നതിനാല്‍ അസംസ്‌കൃത വസ്തുക്കള്‍ ലോക വിപണിയിലേക്ക് അയക്കേണ്ടി വരുന്നു, ഇതിന് കപ്പല്‍ ഗതാഗതത്തിന്റെ വികസനം അനിവാര്യമാണ്.

സമുദ്രങ്ങള്‍ കൂടുതല്‍ തിരക്കേറിയവയായി തീരുകയും ആഗോളാടിസ്ഥാനത്തില്‍ വാണിജ്യക്കപ്പലുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ബ്രിട്ടന്റെ കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം വരെ 58,000 വാണിജ്യകപ്പലുകളാണ് ലോകത്തുള്ളത്. കപ്പലുകളുടെ വലുപ്പമാകട്ടെ, വഹിക്കുന്ന ഭാരത്തിന്റെ അടിസ്ഥാനത്തില്‍ 2004-നേക്കാള്‍ ഇരട്ടിയായി. ഈ സാഹചര്യത്തില്‍ കൂട്ടിയിടികള്‍ കൂടുമോ എന്ന ആശങ്ക വര്‍ധിച്ചിരിക്കുന്നു. 2008-ലെ സാമ്പത്തികമാന്ദ്യം നിരവധി കപ്പല്‍ കമ്പനികളെ ബാധിക്കുകയും ജീവനക്കാരുടെ നിയമനം കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

കപ്പല്‍പ്പാതകളിലെ തിരക്കൊഴിവാക്കുകയാണ് ഒരു മാര്‍ഗം. ഒരേ ദിശയിലേക്കുള്ള കപ്പലുകളുടെ ഗതാഗതം കൂടുതല്‍ പാതകളുണ്ടാക്കി വേര്‍തിരിച്ചുവിടണം. ഇത്തരത്തിലുള്ള ആദ്യ പാതയാണ് ഇംഗ്ലീഷ് ചാനലിലെ ഡോവര്‍ ഇടുക്ക്. നൂറോളം കപ്പല്‍പ്പാതകളാണ് ഇന്നു ലോകത്തുള്ളത്. എല്ലാവരുടെയും താല്‍പര്യപ്രകാരമാണ് കൂട്ടിയിടികള്‍ ഒഴിവാക്കുന്നത്. രാജ്യാന്തര നിയമപ്രകാരം അപകടത്തില്‍പ്പെടുന്ന കപ്പലുകളുടെ കമ്പനികളാണ് ബാധ്യത പങ്കിടേണ്ടത്. സ്വന്തം കപ്പല്‍ നേരായ പാതയിലാണു സഞ്ചരിക്കുന്നതെങ്കില്‍ക്കൂടിയും കൂട്ടിയിടി ഒഴിവാക്കേണ്ട ബാധ്യത കപ്പിത്താന്മാര്‍ക്കാണെന്നു ചുരുക്കം.

ആഴമുള്ള തുറമുഖങ്ങളുടെ അഭാവം, തിരച്ചിലിനുള്ള പരിമിതി, രക്ഷാപ്രവര്‍ത്തനത്തില്‍ സംഭവിക്കാവുന്ന തടസ്സങ്ങള്‍ എന്നിവയാണ് ഈ പാതയുടെ മറ്റ് വെല്ലുവിളികള്‍. പാതയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചു രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകളും നിലനില്‍ക്കുന്നു. അതിലൊന്ന് കാനഡ പരമാധികാരം അവകാശപ്പെടുന്നുവെന്നതാണ്. എന്നാല്‍ അമേരിക്കയും ഇതരരാജ്യങ്ങളും ഇത് രാജ്യാന്തരപാതയായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നു.

യൂറോപ്പുമായും പുറത്തുള്ള മറ്റു രാജ്യങ്ങളുമായും അഭികാമ്യമായ ബന്ധം പുലര്‍ത്താനുള്ള ഒരു വിപുലമായ പദ്ധതിയുടെ ഭാഗമായാണ് അവര്‍ വടക്കേ അമേരിക്കന്‍ ആര്‍ട്ടിക് വികസനത്തെ കാണുന്നത്. ഈ മേഖലയ്ക്ക് കൊണ്ടുവരാന്‍ കഴിയുന്ന സാമ്പത്തിക സാധ്യതകളെക്കുറിച്ച് കാനഡയും അമേരിക്കയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വടക്കേ അമേരിക്കന്‍ ആര്‍ട്ടിക്ക് ഒരു വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയാണ്. അത് നിക്ഷേപകര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ മനോഭാവം ഉണ്ടാക്കുന്നു.

Share this news

Leave a Reply

%d bloggers like this: