കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ

കൊച്ചി: കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കാരാട്ട് റസാഖിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് 30 ദിവസത്തേക്ക് താത്ക്കാലിക സ്റ്റേ അനുവദിച്ചത്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭ നടപടികളില്‍ പങ്കെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കൊടുവള്ളി തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്നരീതിയില്‍ ഡോക്യുമെന്ററികളും സി.ഡി.കളും പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുസ്ലീലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കൊടുവള്ളി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ഇടത് സ്വതന്ത്രനായി കൊടുവള്ളിയില്‍ മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിനാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ പി.ടി.എ. റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുശേഷവും എന്‍.എസ്.സിയുമായി അദ്ദേഹം സഹകരിച്ചിരുന്നു.

അതേസമയം, ഹൈക്കോടതി വിധിയെ സംബന്ധിച്ച് കൂടുതല്‍ പരിശോധിച്ചശേഷം വിശദമായി പ്രതികരിക്കാമെന്ന് കാരാട്ട് റസാഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഹൈക്കോടതി വിധി പഠിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: