സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് മുന്‍ഭര്‍ത്താവിന്റെ ഭീഷണി; യുവതി കോടതി നടപടികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

ക്ലയര്‍: കോടതി മുറിക്കുള്ളിലെ വിചാരണ നടപടികള്‍ പുറത്തുവിട്ട യുവതിക്കും, മുന്‍ഭര്‍ത്താവിനുമെതിരെ താക്കീത് നല്‍കി കോടതി. എന്നാല്‍ തന്റെ മുന്‍ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിചാരണ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയേണ്ടി വന്നതെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. കൗണ്ടി ക്ലയര്‍ സ്വദേശിനിയായ യുവതിയാണ് എന്നിസിലെ കുടുംബ കോടതിയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന വിചാരണയുടെ വിശദാംശങ്ങള്‍ ഫേസ്ബുക്കിലൂടെ പറത്തുവിട്ടത്. രഹസ്യ സ്വഭാവമുള്ള കേസുകളുടെ കോടതി നടപടികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് അയര്‍ലണ്ടില്‍ നിരോധിച്ചിട്ടുണ്ട്. കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആവശ്യമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കും മാത്രമാണ് അവകാശം.

കഴിഞ്ഞ നവംബറിലാണ് വേര്‍പിരിഞ്ഞ യുവതിയും മുന്‍ഭര്‍ത്താവും ഇവരുടെ മകന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ എന്നിസിലെ കുടുംബ കോടതിയില്‍ വിചാരണക്കെത്തുന്നത്. ഡിസംബര്‍ ആദ്യവാരം യുവതി രണ്ട് പേജുള്ള കോടതിവിചാരണ വിവരങ്ങള്‍ ഫെസുക്കിലുടെ പുറത്തുവിടുകയായിരുന്നു. കോടതി നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് മുന്‍ഭര്‍ത്താവിന്റെ വക്കീലായ ആനി വാല്‍ഷ് ആണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. എന്നാല്‍ മുന്‍ഭര്‍ത്താവ് ഫോണിലൂടെ ലൈംഗീക ദൃശ്യങ്ങള്‍ പറത്തുവിട്ട് പ്രതികാരം ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതിനാലാണ് ഫേസ്ബുക്കില്‍ കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് യുവതിക്ക് വേണ്ടി വാദിക്കുന്ന പമേല ക്ലാന്‍സി കോടതിയെ ബോധിപ്പിച്ചു. ഫേസ്ബുക്കിലെ പോസ്റ്റ് പിന്‍വലിച്ചതായും അതില്‍ ക്ഷമ ചോദിച്ചതായും അവര്‍ അറിയിച്ചു.

ഇനിമുതല്‍ കോടതി വ്യവഹാരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് 14 ദിവസത്തേക്ക് ജയില്‍ ശിക്ഷ വിധിക്കുമെന്ന് ജഡ്ജി പാട്രിക് ഡാര്‍ക്കന്‍ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇതുപോലുള്ള കേസുകളില്‍ കോടതി വിചാരണ രഹസ്യ സ്വഭാവമുള്ളതായിരിക്കണമെന്നും വിചാരണ നടപടികള്‍ കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നും ജഡ്ജി ഓര്‍മിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോടതി ഗൗരവപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

കോടതി നടപടികള്‍ തത്സമയം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ പൊതുജനങ്ങള്‍ അതിരുകടക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് വളരെക്കാലമായി. ജഡ്ജിമാരും അഭിഭാഷകരും കേസിലെ കക്ഷികളും മറ്റും ഈ രീതിക്കെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട ചില കേസുകളില്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തങ്ങളുടെ കക്ഷിയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് പല അഭിഭാഷകരും കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള തങ്ങളുടെ അവകാശം തെറ്റായ സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ നിഷേധിക്കപ്പെടുകയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: