കശ്മീരിലെ ഭീകരാക്രമണം: 42 ജവാന്മാര്‍ക്ക് വീരമൃത്യു; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത; 18 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ആക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 42 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. കശ്മീരിലെ പുല്‍വാമയിലെ അവന്തിപോരയില്‍ ശ്രീനഗര്‍-ജമ്മു ഹൈവേയിലായിരുന്നു ആക്രമണമുണ്ടായത്. 18 വര്‍ഷത്തിനിടെ കശ്മീരില്‍ സൈന്യത്തിനെതിരെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിലെ ബസിലുണ്ടായിരുന്ന സൈനികരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അപലപിച്ചു.സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യം നടുങ്ങി വിറച്ച കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 100 കിലോയോളം വരുന്ന സ്ഫോടകവസ്തുകളെന്ന് സൂചന. ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. 78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഇതുവരെ 30 ജവാന്‍മാര്‍ വീരമൃത്യു വരിച്ചെന്നാണ് വിവരം. സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകറ്റിയാണ് ആക്രമണം നടത്തിയത്. ജെയ്ഷെ ഭീകരനായ ആദില്‍ അഹമ്മദ് എന്നയാളാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് ഇയാള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്.

സമീപകാലത്ത് കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബര്‍ 18 ന് ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്.

Share this news

Leave a Reply

%d bloggers like this: