അയര്‍ലണ്ടില്‍ ഇനിമുതല്‍ വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല; അറിയേണ്ട കാര്യങ്ങള്‍

ഡബ്ലിന്‍: ഏറെ അനുഗ്രഹമാകുന്ന പുതിയ നിയമം ഗവണ്മെന്റ് പ്രഖ്യാപിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരുടെ ജീവിത പങ്കാളിക്ക് ഇനി അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകും. അയര്‍ലണ്ടില്‍ നിലവിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വിവിധ മേഖലകളില്‍ നിയമിക്കാനാണ് ഇത്തരം നീക്കത്തിലൂടെ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്. അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് സന്തോഷകരമായ നിയമ ഭേദഗതിയാണ് ഐറിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ ജോലിയ്ക്കായി എത്തുന്നവരുടെ പങ്കാളികള്‍ക്കും,ആശ്രിതര്‍ക്കും അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാമെന്നുള്ള നിര്‍ണ്ണായകമായ നിയമം സര്‍ക്കാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിലവില്‍ വന്നു

നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റുള്ളവരുടെ ജീവിത പങ്കാളിക്ക് ജോലി ലഭിക്കണമെങ്കില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഒരാള്‍ മാത്രം ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലൂടെ ജീവിതം കഷ്ടിച്ച് മുന്നോട്ട്‌കൊ ണ്ടുപോകുന്ന മലയാളികള്‍ പുതിയ നിയമം ഏറെ ഉപകാരമാണ്. ഇതുവരെ ക്രിട്ടിക്കല്‍ ജോബ് വിസയില്‍ എത്തുന്നവരുടെ പങ്കാളികള്‍ക്ക് സ്റ്റാമ്പ് 3-യാണ് നല്‍കിയിരുന്നത്. പുതിയ നിയമം അനുസരിച്ച് ഇത് സ്റ്റാമ്പ് 1 ലേയ്ക്ക് മാറ്റി നല്‍കും.

അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അവസരം ജോബ് വിസയില്‍ എത്തുന്നരുടെ പങ്കാളികള്‍ക്കും ലഭിക്കും എന്നുള്ളതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. ഇതിനായി പ്രത്യേക എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നേടേണ്ടതില്ല. അയര്‍ലണ്ടില്‍ എത്തുമ്പോള്‍ തന്നെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതിക്കായുള്ള ഇമിഗ്രെഷന്‍ പെര്‍മിഷന്‍ നല്‍കും. വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ലാഗെനാണ് ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ചത്.

അയര്‍ലണ്ടിലേക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തപ്പെടുന്ന കൂടുതല്‍ പേരുടെയും പങ്കാളികളും ഉന്നത യോഗ്യതയും തൊഴില്‍ വൈദഗ്ധ്യവും ഉള്ളവരാണെന്നും അവര്‍ അയര്‍ലണ്ടില്‍ എത്തുന്നത് രാജ്യത്തിന് ഗുണകരമാവുമെന്നും തൊഴില്‍ വകുപ്പ് കാര്യ മന്ത്രി ഹീതര്‍ ഹംബ്രിസ് അഭിപ്രായപ്പെടുന്നു. എന്നാല്‍ ജനറല്‍ എംപ്ലോയ്‌മെന്റ് കാറ്റഗറിയില്‍ അയര്‍ലണ്ടില്‍ എത്തിയ നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ നിയമം ബാധകമാണോ എന്നത് നിയമം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുമ്പോഴേ അറിയാന്‍ കഴിയുകയുള്ളു. അയര്‍ലണ്ടില്‍ പുതുതായി എത്തുന്ന നഴ്‌സുമാരില്‍ 80 ശതമാനം പേരും ക്രിറ്റിക്കല്‍ സ്‌കില്‍ പെര്‍മിറ്റ് സ്‌കീമിലാണ് എത്തുന്നതെന്നതിനാല്‍ അവര്‍ക്കെല്ലാം പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും.

ക്രിട്ടിക്കല്‍ സ്‌കില്‍ എംബ്ലോയ്‌മെന്റ് പെര്‍മിറ്റ് ലഭിക്കുന്നവരുടെ ജീവിതപങ്കാളികള്‍ക്കും ആശ്രിതര്‍ക്കുമാണ് പുതിയ നിയമം എന്ന് ആദ്യ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്റ്റാമ്പ് 3 ഉള്ളവര്‍ക്ക് മുഴുവന്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കണമെന്ന ക്യാമ്പയിനാണ് നടന്നിരുന്നത്. നിരന്തരമായി തുടര്‍ന്നിരുന്ന ക്യാമ്പയിനാണ് നയമാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നതിനാല്‍ സ്റ്റാമ്പ് 3 യിലുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് കാറ്റഗറിക്കാരും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണവര്‍.

അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്ന ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റിലുള്ളവര്‍ തങ്ങളുടെ പെര്‍മിറ്റും ജീവിത പങ്കാളിയുടെ പാസ്‌പോര്‍ട്ട്, ഗാര്‍ഡ കാര്‍ഡ് തുടങ്ങി ആവശ്യമുള്ള രേഖകളുമായി ജീവിത പങ്കാളിക്ക് സ്റ്റാമ്പ് 1 ലഭിക്കുവാന്‍ അടുത്തുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ ബന്ധപ്പെടുവാനാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. അയര്‍ലണ്ടിലെ 700ലധികം അമേരിക്കന്‍ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പുതിയ നിയമത്തെ സ്വാഗതം ചെയ്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: