സൂപ്പര്‍മാര്‍ക്കറ്റ് ചതിച്ചു; പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറി മട്ടനു പകരം ബീഫ് വാങ്ങിക്കഴിച്ചു; പരിഹാര കര്‍മ്മങ്ങള്‍ക്കായി സ്വദേശത്തേക്ക് പോകാന്‍ പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജന്‍

ന്യൂസിലാന്‍ഡ്: പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറിയതിനെ തുടര്‍ന്ന് മട്ടനു പകരം ബീഫ് വാങ്ങി കഴിച്ച സംഭവത്തില്‍ പരിഹാരക്രിയകള്‍ക്കുള്ള പണം നല്‍കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റിനോട് ഇന്ത്യന്‍ വംശജന്‍ ആവശ്യപ്പെട്ടു. 20 വര്‍ഷമായി ന്യൂസിലന്‍ഡില്‍ കഴിയുന്ന ജസ്വിന്ദര്‍ പോളാണ് തനിക്ക് പരിഹാര കര്‍മ്മങ്ങള്‍ നടത്താനായി ഇന്ത്യയില്‍ പോയി മടങ്ങി വരുന്നതിനുള്ള പണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. ഇതിനുള്ള മുഴുവന്‍ യാത്രാച്ചെലവും സൂപ്പര്‍ മാര്‍ക്കറ്റ് വഹിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

ലേബല്‍ മാറിയതിനാല്‍ മട്ടനാണെന്ന് കരുതി ജസ്വിന്ദര്‍ വാങ്ങിയത് ബീഫായിരുന്നു. പക്ഷേ ഭക്ഷണം പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്നാണ് ഇത് ബീഫാണെന്ന് മനസിലായതെന്ന് ഇന്ത്യന്‍ വംശജന്‍ പറഞ്ഞു.

താന്‍ ഹിന്ദുവാണെന്നും തന്റെ മതവിശ്വാസമനുസരിച്ച് പുണ്യമൃഗമായ പശുവിനെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ലെന്നും ജസ്വിന്ദര്‍ പറയുന്നു.
അറിയാതെ സംഭവിച്ചതാണ് എങ്കിലും പരിഹാരക്രിയകള്‍ നടത്തണമെന്ന് ജസ്വിന്ദറിന്റെ അവകാശവാദം. നാല് മുതല്‍ ആറ് ആഴ്ച വരെ നീളുന്നതാണ് പരിഹാരകര്‍മ്മങ്ങള്‍. ഈ കര്‍മ്മങ്ങള്‍ നടത്തിയ ശേഷം പുരോഹിതന്മാര്‍ ശുദ്ധീകരിക്കണം. അതിനായി ഇന്ത്യയിലേക്ക് പോകണമെന്നാണ് ന്യൂസിലന്‍ഡില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ജസ്വിന്ദര്‍ പറയുന്നത്.

തെറ്റു പറ്റിയതിനെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഇയാള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ നല്‍കിയിരുന്നു. പക്ഷേ ഇന്ത്യയിലേക്ക് പോകാനുള്ള പണം വേണമെന്ന ആവശ്യത്തില്‍ ഇദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. കോടതിയെ ഇത്രയും വലിയ സ്ഥാപനത്തിനെതിരെ സമീപിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: