300 വര്‍ഷങ്ങള്‍ക്ക് ശേഷം വത്തിക്കാനില്‍ വിശുദ്ധ പടവുകള്‍ തുറന്നു; ‘സ്‌കാലാ സാങ്റ്റാ’ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം…

വത്തിക്കാന്‍ സിറ്റി: മുന്നൂറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തുറന്നുകൊടുത്ത, ക്രിസ്തുനാഥന്റെ പാദസ്പര്‍ശമേറ്റ ‘സ്‌കാലാ സാങ്റ്റാ’ (വിശുദ്ധ പടവുകള്‍) സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ഈശോയെ വിചാരണയ്ക്കും മരണവിധി പ്രസ്താവിക്കുന്നതിനുമായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് തുറന്നുകൊടുത്തത്.

ജറുസലേമില്‍ പൊന്തിയോസ് പീലാത്തോസിന്റെ അരമനയോട് ചേര്‍ന്നുണ്ടായിരുന്ന ഈ പടിക്കെട്ട്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലന രാജ്ഞി നാലാം നൂറ്റാണ്ടില്‍ വത്തിക്കാനില്‍ എത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. 28 പടികളുള്ള ഈ പടിക്കെട്ട് സെന്റ് ജോണ്‍ ദ ലാറ്ററല്‍ ബസിലിക്കയ്ക്ക് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന ഓള്‍ഡ് പേപ്പല്‍ ലാറ്ററല്‍ പാലസിന്റെ ഭാഗമായ കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

വത്തിക്കാനിലെ തിരുശേഷിപ്പുകളും ദൈവാലയങ്ങളും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയ മധ്യകാലഘട്ടത്തിലാണ് ‘സ്‌കാലാ സാങ്റ്റാ’ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1724ല്‍ സിക്സ്റ്റസ് അഞ്ചാമന്റെ കാലത്താണ് പടിക്കെട്ടുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. പടിക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പില്‍ക്കാലത്ത് മരംകൊണ്ടുള്ള കവചം നിര്‍മിക്കുകയായിരുന്നു. ഈശോയുടെ പീഡാസഹനം ധ്യാനിച്ച് 28 പടികള്‍ മുട്ടുകുത്തി കയറുന്നതിനാണ് വിശ്വാസികള്‍ പ്രാധാന്യം നല്‍കിയത്.

ഏപ്രില്‍ 11മുതല്‍ ജൂണ്‍ ഒന്‍പതുവരെയാണ് വിശ്വാസികള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യമുള്ളത്. റോം രൂപതാ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാട്ടിസാണ് കൂദാശാകര്‍മം നിര്‍വഹിച്ച് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. സന്നിഹിതരായിരുന്ന വിശ്വാസീഗണത്തെ സാക്ഷിയാക്കി ആദ്യ പടയില്‍ ചുംബിക്കുകയുംചെയ്തു അദ്ദേഹം.

വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധനായ പൗലോ വിയോലിനിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. പഴയ തടി നീക്കം ചെയ്താണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. പൊട്ടസ്റ്റന്റ് സഭാ സ്ഥാപകന്‍ മാര്‍ട്ടിന്‍ ലൂഥര്‍, ക്ലാസിക്കല്‍ കൃതികളുടെ കര്‍ത്താവായ ചാള്‍സ് ഡിക്കന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖരും വിശുദ്ധ പടവുകള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: