ഭീകരാക്രമണ ഭീഷണി വീണ്ടും; 5ന് ദിവ്യബലി പുനരാരംഭിക്കില്ല; സുരക്ഷയും പ്രാര്‍ത്ഥനയും ശക്തമാക്കി ശ്രീലങ്ക…

കൊളംബോ: കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷയും പ്രാര്‍ത്ഥനയും ശക്തമാക്കി ശ്രീലങ്ക. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരസ്യമായ പ്രാര്‍ത്ഥനകളോ ദിവ്യബലിയോ സംഘടിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനെതുടര്‍ന്ന് മേയ് അഞ്ചിന് ദിവ്യബലി പുനരാരംഭിക്കാനുള്ള തീരുമാനം മാറ്റേണ്ടിവന്നതിലുള്ള സങ്കടത്തിലാണ് സഭ. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ലങ്കയിലെ മുഴുവന്‍ പള്ളികളിലും പരസ്യദിവ്യബലി അര്‍പ്പണം നിര്‍ത്തിവച്ചിരുന്നു.

വരുന്ന ഞായാറാഴ്ച മുതല്‍ ചില പള്ളികളില്‍ ദിവ്യബലിയര്‍പ്പണം പുനരാംഭിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. കര്‍ശന പരിശോധന നടത്തിയശേഷമേ പള്ളികളില്‍ ജനങ്ങളെ പ്രവേശിപ്പിക്കൂവെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഈ നീക്കം ഉപേക്ഷിക്കുകയാണ് ചെയ്തത്.

കൂടാതെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്സെ എന്നിവരടക്കം സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. നേതാക്കള്‍ ഒരുമിച്ചു യാത്ര ചെയ്യുകയോ പൊതുപരിപാടികളില്‍ പ്രത്യേകിച്ച് പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുത്. ഇനി ഒഴിവാക്കാന്‍ പറ്റാത്ത യാത്രകള്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: