ശ്രീലങ്കയില്‍ ദേവാലയ നിര്‍മ്മാണം ഉടനെ ഉണ്ടാവില്ല; ചിതറിപ്പോയ ജനമനസ്സുകളെ ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ശ്രീലങ്കന്‍ സഭ

കൊളംബോ: ചാവേര്‍ ആക്രമണത്തില്‍ തകര്‍ന്നുപോയ ദൈവാലയ നിര്‍മാണത്തിനല്ല , മറിച്ച് ചിതറിപ്പോയ ജനമനസുകളെ ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പ്രിയപ്പട്ടവരുടെ വിയോഗത്തില്‍ നിര്‍ജീവമായവരുടെയും ചേതനയറ്റ കുഞ്ഞുമക്കളെ ചേര്‍ത്തുപിടിക്കേണ്ടിവന്ന മാതാപിതാക്കളുടെയുമൊക്കെ തകര്‍ന്ന മനസുകളാണ് ഈ നാമവശേഷമായ കെട്ടിടങ്ങളെക്കാള്‍ വലുത്,’ വ്യസനത്താല്‍ മുറിഞ്ഞ വാക്കുകളോടെ കര്‍ദിനാള്‍ പറഞ്ഞുവെച്ചു.

താങ്ങും തണലുമായി നില്‍ക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഇവരെ സംരക്ഷിക്കുന്നതിന് പരിമിതികളുണ്ട്. അതിനപ്പുറത്തേക്ക് ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയുമൊക്കെ വേദനകള്‍ അനുഭവിക്കുന്നത് ഇവര്‍ തനിച്ചാണ്. ഈ അവസരത്തില്‍ വേണ്ട സാമിപ്യവും സംരക്ഷണവും ഇവര്‍ക്ക് ഉറപ്പാക്കണം. പ്രത്യേക ക്രമീകരണങ്ങളിലൂടെ കൗണ്‍സിലിങ് പരിപാടികള്‍ ഏര്‍പ്പെടുത്തി ഇവരുടെ ആന്തരിക മുറിവുണക്കുക എന്നതാണ് ആദ്യഘട്ടമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കും വിധവകള്‍ക്കും വിദ്യാഭ്യാസ, സാമ്പത്തിക സഹായവും ലഭ്യമാക്കണം. തങ്ങളെ ചേര്‍ത്തുപിടിക്കാനും സംരക്ഷണം നല്‍കാനും ചുറ്റിനും ആളുകളുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടണം. ആ തിരിച്ചറിവുതന്നെ മനസിന് വലിയ മരുന്നാണ്. അത് അവര്‍ക്ക് ധൈര്യം പകരുകയും ചെയ്യും. വേദനകള്‍ക്കിടയിലും വേര്‍പാടുകളുടെ ദുഖത്തിലും സമാധാനപരമായ ഒരു അന്തരീക്ഷം നിലനിര്‍ത്താന്‍ ദൈവം സഹായിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share this news

Leave a Reply

%d bloggers like this: