കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികനെ വിദേശിയെന്ന് പറഞ്ഞ് ഡിറ്റന്‍ഷന്‍ ക്യാമ്പിലാക്കി; ഇടപെടാനാകില്ലെന്ന് ആര്‍മി…

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന്‍ മുഹമ്മദ് സനവുള്ളയെ വിദേശിയായി പ്രഖ്യാപിച്ച് അസമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് മാറ്റി. വിവാദമായ ദേശീയ പൗരത്വ പട്ടിക പ്രകാരമാണ് നടപടി. ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് മുഹമ്മദ് സനവുള്ളയെ അറസ്റ്റ് ചെയ്ത് വിദേശികള്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമുള്ള ഡിറ്റന്‍ഷന്‍ ക്യാമ്പിലാക്കിയത്.

വെസ്റ്റ് അസമിലെ ഗോല്‍പാരയില്‍ വിദേശികള്‍ക്കുള്ള ഡിറ്റന്‍ഷന്‍ ക്യാമ്പിലേയ്ക്കാണ് മുന്‍ സൈനികനെ ബോര്‍ഡര്‍ പൊലീസ് മാറ്റിയത്. സനവുള്ളയുടെ അവസ്ഥയില്‍ ദുഖമുണ്ടെന്നും അതേസമയം തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ആര്‍മിയുടെ പ്രതികരണം. നിയമ പോരാട്ടത്തിലൂടെ മാത്രമേ സനവുള്ളയ്ക്ക് നാടുകടത്തല്‍ ഒഴിവാക്കാനാകൂ. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ ആയിരുന്ന മുഹമ്മദ് സനവുള്ള ഓണററി ക്യാപ്റ്റനായാണ് 2017 ഓഗസ്റ്റില്‍ വിരമിച്ചത്. 30 വര്‍ഷത്തോളം ആര്‍മിയിലും വിരമിച്ച ശേഷം ബോര്‍ഡര്‍ പൊലീസിലും പ്രവര്‍ത്തിച്ചു.

ഫോറിനേഴ്സ് ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഹമ്മദ് സനവുള്ളയ്ക്ക് 2018ല്‍ നോട്ടീസ് ലഭിച്ചിരുന്നു. ബംഗ്ലാദേശില്‍ ധാക്ക ജില്ലയിലെ കാസിംപൂരില്‍ ജനിച്ച ഒരു നിരക്ഷര തൊഴിലാളിയാണ് മുഹമ്മദ് സനവുള്ള എന്നാണ് ബോര്‍ഡര്‍ പൊലീസ് പറയുന്നത്. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാന്‍ മുഹമ്മദ് സനവുള്ളയോട് നിര്‍ദ്ദേശിച്ചിരുന്നതായി അസം ഡയറക്ടറേറ്റ് ഓഫ് സൈനിക് വെല്‍ഫയര്‍ പറയുന്നു. മുഹമ്മദ് സനവുള്ള ഒരിക്കലും വോട്ട് ചെയ്തിട്ടില്ല എന്ന് ബോര്‍ഡര്‍ പൊലീസ് പറയുമ്പോള്‍ താന്‍ 1989 മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നുണ്ട് എന്ന് സനവുള്ള പറയുന്നു.

Share this news

Leave a Reply

%d bloggers like this: