രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയില്‍ നിന്നും കൂട്ടപലായനം; എണ്ണം 4 ദശലക്ഷം കടന്നതായി യു എന്‍…

രൂക്ഷമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം 4 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ മാത്രം ഒരു ദശലക്ഷത്തോളം ആളുകളാണ് കൂട്ടപലായനം ചെയ്തതെന്ന് യു.എന്‍ റെഫ്യൂജി ഏജന്‍സി പറയുന്നു. 2015 അവസാനം വരെ വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും എണ്ണം 695,000 മാത്രമായിരുന്നുവെന്നാണ് യു.എന്‍.എച്ച്.സി.ആര്‍ പറയുന്നത്. എന്നാല്‍, മൂന്നര വര്‍ഷത്തിനു ശേഷം, ഇന്നത് 4 ദശലക്ഷമായി വര്‍ദ്ധിച്ചു. അതിന്റെ പകുതിയോളം പേരും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയയിലും (1.3 ദശലക്ഷം പേര്‍) പെറുവിലുമാണ് (768,000 പേര്‍) അഭയം തേടിയത്. ചിലി (288,000), ഇക്വഡോര്‍ (263,000), ബ്രസീല്‍ (168,000), അര്‍ജന്റീന (130,000) എന്നിവിടങ്ങളിലേക്കും ജനങ്ങള്‍ കൂട്ടത്തോടെ ചേക്കേറി.

കരീബിയന്‍, മധ്യ അമേരിക്ക, മെക്‌സിക്കോ മേഖലകളിലേക്കും പലായനം നടക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. കൂടാതെ, വെനസ്വേലയില്‍ നിന്നും നാടുകടത്തപ്പെടുന്നവരുടെ എണ്ണവും സമീപ വര്‍ഷങ്ങളിലായി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം അഭയം തേടിയവരുടെ എണ്ണം 30,000 ആണെന്ന് ‘ലോസ് ആഞ്ചലസ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് അഭയം തേടുന്നവരുടെ എണ്ണത്തില്‍ വെനസ്വേല ചൈനയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തിയെന്ന് ചുരുക്കം.

വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്താല്‍ കഷ്ടപ്പെടുന്ന രാജ്യങ്ങളെ അടിയന്തിരമായി പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് യു.എന്‍.എച്ച്.സി.ആര്‍ പ്രതിനിധി എഡ്വാര്‍ഡോ സ്റ്റെയിന്‍ പറഞ്ഞു. ‘ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും, കരീബിയന്‍ രാജ്യങ്ങളും ഈ അഭൂതപൂര്‍വമായ പ്രതിസന്ധിയോട് അവരാല്‍ കഴിയുന്ന വിധം സഹകരിക്കുന്നുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സഹായം ഇല്ലാതെ അതവര്‍ക്ക് തുടരാനാകില്ല’ എന്നും അദ്ദേഹം പറയുന്നു.

ബ്രസീലിലും കൊളംബിയയും വെനസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രത്യേക അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതേസമയം, ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ, അഭയാര്‍ത്ഥികളും തദ്ദേശീയരും തമ്മില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. കുടിയേറ്റത്തിന്റെ തീവ്രത കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസ്‌പ്പോര്‍ട്ടൊന്നും ഇല്ലാതെ വരുന്ന വെനസ്വേലക്കാര്‍ക്ക് കോണ്‍സുലേറ്റുകളില്‍ നിന്ന് മാനുഷിക വിസകള്‍ നല്‍കുമെന്ന് പെറുവിന്റെ പ്രസിഡന്റ് അറിയിച്ചു.

പ്രസിഡന്റ് നിക്കോളാസ് മഡൂറോയും അമേരിക്കന്‍ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗൊയ്‌ദോയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് രാജ്യം വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത്.ഇരു വിഭാഗത്തെ പിന്തുണയ്ക്കുന്നവര്‍ തെരുവില്‍ നിരന്തരം ഏറ്റുമുട്ടുകയും ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുകയും ചെയ്തതോടെ വെനസ്വേലയില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ജനങ്ങളില്‍ അഞ്ചില്‍ നാലുപേര്‍ പട്ടിണിയിലാണ്. വിദ്യാഭ്യാസം രംഗവും ആരോഗ്യ മേഖലയും കൂത്താഴിഞ്ഞുകിടക്കുന്നു. പൊതുവുടമയിലുള്ള യാതൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. മരുന്നുകള്‍ക്കും ഭക്ഷണത്തിനും കൊള്ളവിലയാണ്. ഒരു കാലത്ത് രാജ്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത മലമ്പനി, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങള്‍ ഇപ്പോള്‍ വ്യാപകമാണ്. പലായനം കുത്തനെ കൂടാന്‍ ഇതെല്ലാം കാരണങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: