ഇന്ത്യ-യു.എസ് വ്യാപാരയുദ്ധം: യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി; അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക പദവി പിന്‍വലിച്ചതാണ് കാരണം…

നിരവധി തവണ മാറ്റിവെച്ചതിന് ശേഷം ഒടുവില്‍ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചു. നാളെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഇന്ത്യയ്ക്ക് 21 കോടിയിലധികം ഡോളറിന്റെ അധിക വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബദാം, വാല്‍നട്ട്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ അധിക നികുതി ഏര്‍പ്പെടുത്തിയത്.

അമേരിക്ക,ഇന്ത്യയില്‍നിന്നുള്ള അലൂമീനിയം സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ്
അമേരിക്കിയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ ഇത് പല കാരണങ്ങളാല്‍ നീട്ടിവെയ്ക്കുകയായിരുന്നു.

2018 ജൂണ്‍ 18 ന് അധിക നികുതി ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപരസംഘടനയുടെ പരിഗണനയിലാണ്. സ്റ്റീലിന് 25 ശതമാനം നികതിയും അലൂമിനിയത്തിന് 10 ശതമാനം നികുതിയുമായിരുന്നു അമേരിക്ക ഏര്‍പ്പെടുത്തിയിത്. അമേരിക്ക നിലപാട് തിരുത്തുമെന്ന പ്രതീക്ഷിച്ചാണ് ഇന്ത്യ എതിര്‍നടപടികള്‍ വൈകിപ്പിച്ചത്. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക പരിഗണന പദവി അമേരിക്ക കഴിഞ്ഞയാഴ്ച പിന്‍വലിച്ചതാണ് പ്രകോപിപ്പിച്ചത്. നികുതി രഹിതമായി ചില ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വില്‍ക്കാന്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് പ്രത്യേക പരിഗണന പദവി.

ഈ മാസം അവസാനം അവസാനം ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വ്യാപാര പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് കരുതുന്നത്. വാല്‍നട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങള്‍ക്ക് 30% ആയിരുന്നത് 70 ശതമാനമായി വര്‍ധിക്കും.

അമേരിക്കയുമായുള്ള വ്യാപരത്തില്‍ ഇന്ത്യയ്ക്ക് വ്യാപരമിച്ചമാണ്. 2017-18 കാലത്ത് 4790 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇറക്കുമതി 2670 കോടി ഡോളറിന്റെതായിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപര ബന്ധം രൂക്ഷമായതിനിടെയാണ് ഇന്ത്യയും അമേരിക്കയും സമാന അവസ്ഥയിലേക്ക് നീങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: