ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍ ലോക കേരള സഭാംഗത്വം രാജിവെച്ചു…

ബര്‍ലിന്‍: ഇന്‍ഡ്യന്‍ പൗരത്വമുള്ള പ്രവാസികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി പിണറായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലോക കേരള സഭയിലെ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധി ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍ രാജിവെച്ചു. ലോക കേരള സഭയിലെ സ്റ്റാന്‍ഡിങ് കമ്മറ്റിയംഗമായ ജിന്‍സണ്‍ ഇരുപദവികളും കൂടിയാണ് രാജിവെച്ചത്. പ്രതിപക്ഷ നേതാവും സഭയുടെ ഉപാദ്ധ്യക്ഷനുമായ രമേശ് ചെന്നിത്തലയുടെ രാജിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഒഎ ഐസിസി ഗ്‌ളോബല്‍ സെക്രട്ടറിയായ ജിന്‍സണ്‍ ലോക കേരള സഭയില്‍ നിന്ന് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തുവെന്നും ജിന്‍സണ്‍ അറിയിച്ചു.

പ്രവാസികളെ സംബന്ധിച്ച വിവിധ സബ് കമ്മറ്റികള്‍ വിവിധ വിഷയങ്ങളില്‍ ഇടപെട്ട് പിണറായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഒന്നുപോലും ഇതുവരെ ഒരു വിശകലനം ചെയ്യുകയോ സബ്കമ്മറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് ജിന്‍സണ്‍ ആരോപിച്ചു. 2018 ജനുവരി 12 ന് ആരംഭിച്ച ലോക കേരള സഭയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നുപോലും ഇതുവരെയായി ഒരു പ്രവാസിയ്ക്കും പ്രയോജനപ്പെട്ടില്ല എന്നും ജിന്‍സണ്‍ പ്രസ്താവനയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

പ്രവാസികളെ മാറോടു ചേര്‍ക്കുമെന്നു പറയുന്ന സര്‍ക്കാര്‍ പ്രവാസികളുടെ അന്തകനായി തീരുന്ന വ്യവസ്ഥിതിയും സമീപനവുമാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ജിന്‍സണ്‍ പറഞ്ഞു. പ്രവാസികളെ കറവപ്പശുക്കളായി മാത്രം കാണുന്ന സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തി പ്രവാസി വ്യവസായികള്‍ക്ക് ജീവനും സ്വത്തിനും വിട്ടുവീഴ്ചയില്ലാത്ത വിധത്തില്‍ കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും ജിന്‍സണ്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ ഭരണകക്ഷിയുടെ പാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരെയും ഏതുവിധേനയും സംരക്ഷിയ്ക്കുന്ന നിലപാടില്‍ മാറ്റം വരുത്തണമെന്നും എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് സര്‍ക്കാര്‍ കൈ കഴുകുകയാണെന്നും ജിന്‍സണ്‍ കുറ്റപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: