സ്‌പെയിനിലെ കാറ്റലോണിയയില്‍ വന്‍ കാട്ടുതീ…

സ്‌പെയിനിലെ കാറ്റലോണിയ മേഖലയില്‍ കാട്ടുതീ ശക്തമാകുന്നു. നൂറുകണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ 40 ഡിഗ്രിയാണ് താപനില. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിയും പടരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജൂണ്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കേ ആഫ്രിക്കയില്‍ നിന്നും വരുന്ന ചുടുകാറ്റാണ് ചൂടുയരാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അടുത്ത മൂന്ന് ദിവസങ്ങളില്‍ പല രാജ്യങ്ങളിലും ചൂട് ഇനിയും ഉയരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫ്രാന്‍സിലെ ‘ഗാര്‍ഡ്’ പ്രദേശങ്ങളിലെ വരുംദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഏറ്റവും കൂടുതല്‍ പാരിസ്ഥിതികാഘാതം നേരിടുന്ന പ്രദേശങ്ങളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല് തെക്കന്‍ പ്രദേശങ്ങളില്‍ ഒന്നാണ് ഗാര്‍ഡ്. ഹെറാള്‍ട്ട്, വാക്ലസ്, ബൗച്ചസ്-ഡു-റോണ്‍ എന്നീ പ്രദേശങ്ങളാണ് മറ്റുള്ളവ. ശേഷിക്കുന്ന 92 മേഖലകളില്‍ 76 എണ്ണത്തിലും ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉച്ചകഴിയുമ്പോഴേക്കും ഇറ്റലിയിലെ ടൂറിനില്‍ 39 ഡിഗ്രിയും സ്പാനിഷ് നഗരമായ സരഗോസയില്‍ 41 ഡിഗ്രിയുമാണ് താപനില എത്തുന്നത്. തെക്കന്‍ ഫ്രാന്‍സിലെ ഗ്രോസ്പിയറസില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട 42.3 ഡിഗ്രി ചൂട് അവിടത്തെ സര്‍വ്വകാല റെക്കോര്‍ഡാണ്. തീരദേശ നഗരമായ ടാരഗോണയില്‍ നിന്ന് വെറും 80 കിലോമീറ്റര്‍ അകലെയുള്ള ലാ ടോറെ ഡി എല്‍ എസ്പന്യോള്‍ പട്ടണത്തിന് സമീപം കുറഞ്ഞത് 6,500 ഹെക്ടര്‍ (16,000 ഏക്കര്‍) ഭൂമിയെങ്കിലും കാട്ടുതീയില്‍ കത്തിച്ചാമ്പലായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൂട് കൂടുന്നതോടെ അത് 20,000 ഹെക്ടറിലേക്കായി വ്യാപിച്ചെക്കാം എന്ന് അധികൃതര്‍ പറയുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മൊത്തത്തില്‍, സ്‌പെയിനിന്റെ കിഴക്കും മധ്യഭാഗത്തുമുള്ള 11 പ്രവിശ്യകളില്‍ 40 ഡ്ഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയാണ് അനുഭവപ്പെടുന്നത്. വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ അത് 45 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.

Share this news

Leave a Reply

%d bloggers like this: