അയര്‍ലണ്ടില്‍ വാടക കുതിച്ചുയരുന്നു : റെന്റല്‍ പ്രഷര്‍ സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളുടെ എണ്ണം 19 ആയി വര്‍ധിപ്പിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാടക നിരക്ക് വര്‍ദ്ധിച്ചതോടെ റെന്റല്‍ പ്രഷര്‍ സോണുകളുടെ എണ്ണം 19 ആയി ഉയര്‍ത്തി. രാജ്യവ്യാപകമായി നിരക്കുകള്‍ ഉയര്‍ന്നതോടെ ഇതിനു തടയിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രഷര്‍ സോണുകളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. റെസിഡെന്‍സിസ് ടെനന്‍സി ബോര്‍ഡ് ഹൗസിങ് ഡിപ്പാര്‍ട്‌മെന്റിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

രാജ്യത്തെ വാടക മൂന്ന് മാസത്തില്‍ 2.1 ശതമാനം എന്ന നിരക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി എന്നായിരുന്നു ടെനന്‍സി ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ വാടക നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷം വാന്‍ തോതില്‍ ഈ നിരക്കുകള്‍ ഉയരുന്നത് ഭവന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തലസ്ഥാന നഗരത്തില്‍ വസ്ഥുവിലയും, വാടക നിരക്കും ദേശീയ ശരാശരിയേക്കാള്‍ മൂന്ന് മടങ്ങോളം ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമാണ് ഡബ്ലിനില്‍ വാടക വീട് കണ്ടെത്താന്‍ കഴിയുന്നുള്ളൂ. ഇതിനു കഴിയാത്തവര്‍ വാടക നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കൂടി. ഡബ്ലിനില്‍ റെന്റല്‍ പ്രഷര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ പോലും വാടകനിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

വര്‍ഷത്തില്‍ 4 ശതമാനത്തില്‍ കൂടുതല്‍ വാടക നിരക്ക് ഉയരാതെ പിടിച്ചുനിര്‍ത്തുന്ന പ്രദേശങ്ങളാണ് റെന്റല്‍ പ്രഷര്‍ സോണ്‍ എന്നറിയപ്പെടുന്നത്. രാജ്യത്തു വാടക കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രഷര്‍ സോണുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഹൗസിങ് മിനിസ്റ്റര്‍ യൂജിന്‍ മര്‍ഫി.

11 കൗണ്ടികളിലായി 19 പ്രദേശങ്ങള്‍ ഇനി മുതല്‍ പ്രഷര്‍ സോണിന്റെ ഭാഗമാകും. അത്ത്‌ലോണ്‍, പോര്‍ട്ട് ലൂയിസ്, വാട്ടര്‍ഫോര്‍ഡ്, ലീമെറിക് സിറ്റി ഉള്‍പ്പെടെ വാടക നിരക്ക് ഉയരുന്ന പ്രദേശങ്ങളെ പ്രഷര്‍ സോണിന്റെ ഭാഗമാക്കി. ഇതോടെ ഉയര്‍ന്ന വാടക നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

ഡികെ

Share this news

Leave a Reply

%d bloggers like this: