ടൂറിസ്റ്റുകളുടെ ഫോണുകളില്‍ ചൈന രഹസ്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്…

സന്ദര്‍ശകരുടെ ഫോണുകളില്‍ ചൈന രഹസ്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. സിന്‍ജിയാങ് മേഖലയിലേക്ക് യാത്രചെയ്യുന്നവരേയാണ് സര്‍ക്കാര്‍ തീവ്രമായി നിരീക്ഷിക്കുന്നുവെന്ന വാര്‍ത്ത ‘ദ ഗാര്‍ഡിയനാ’ണ് പുറത്തുവിട്ടിരിക്കുന്നത്.

ചൈനയിലെ വടക്കുപടിഞ്ഞാറായി കിടക്കുന്ന പ്രദേശമാണ് സിന്‍ജിയാങ്. മധ്യേഷ്യന്‍ മുസ്ലിം രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാങ് ഇറാനോളം വലുപ്പമുള്ള പ്രദേശമാണ്, ചൈനയില്‍ ഉള്‍പ്പെടുന്ന സ്വയംഭരണ പ്രദേശം. ഇവിടെയുള്ള രണ്ടുകോടിയിലധികം വരുന്ന ജനസംഖ്യയില്‍ പകുതിയും തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയിഗൂര്‍ മുസ്ലിംകളാണ്. ഇവിടെ ഉയിഗൂറുകള്‍ സര്‍ക്കാറില്‍ നിന്നും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പുതിയ ആരോപണങ്ങളും ഉയരുന്നത്. തെരുവുകളിലും പള്ളികളിലും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ സ്ഥാപിക്കുകയും, ഫോണുകളില്‍നിന്നും വ്യക്തിവിവരങ്ങള്‍ സുഗമമായി ചോര്‍ത്താന്‍ കഴിയുന്ന ആപ്ലിക്കേഷനുകള്‍ ജനങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡൌണ്‍ലോഡ് ചെയ്യിക്കുകയും ചെയ്യുന്നുണ്ട്.

കിര്‍ഗിസ്ഥാനില്‍ നിന്നും സിന്‍ജിയാങിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെയാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗാര്‍ഡിയന്‍ പറയുന്നു. ബോര്‍ഡര്‍ ഗാര്‍ഡുകള്‍ അവരുടെ ഫോണുകള്‍ വാങ്ങി രഹസ്യമായി ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും. അതോടെ അതിലുള്ള ഇമെയിലുകള്‍, ടെക്സ്റ്റുകള്‍, കോണ്‍ടാക്റ്റുകള്‍ ഉള്‍പ്പടെയുള്ള ഫോണിലടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും അവര്‍ക്ക് അനായാസം ചോര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഇതു സംബന്ധിച്ച യാതൊരു മുന്നറിയിപ്പും അവര്‍ യാത്രക്കാര്‍ക്ക് നല്‍കുന്നില്ല.

ചൈനീസ് അധികൃതര്‍ പറയുന്നതനുസരിച്ച് പ്രതിവര്‍ഷം 100 ദശലക്ഷം ആളുകള്‍ സിന്‍ജിയാങ് മേഖല സന്ദര്‍ശിക്കുന്നുണ്ട്. അതില്‍ ആഭ്യന്തര ടൂറിസ്റ്റുകളും വിദേശ ടൂറിസ്റ്റുകളും ഉള്‍പ്പെടും. വിനോദ സഞ്ചാരികളും വ്യാപാരികളും അടക്കം മിക്കവരും പോകുന്ന ചരിത്രപ്രസിദ്ധമായ സില്‍ക്ക് റൂട്ട് ഇതിലെയാണ് കടന്നുപോകുന്നത്. യാത്രക്കാര്‍ അവരുടെ ഫോണുകളും ക്യാമറകള്‍ പോലുള്ള മറ്റ് ഉപകരണങ്ങളും അണ്‍ലോക്ക് ചെയ്ത് പട്ടാളക്കാര്‍ക്ക് നല്‍കണം. അതവര്‍ ഒരു പ്രത്യേക മുറിയില്‍ കൊണ്ടുപോയി പരിശോധിച്ച് കുറച്ചു സമയത്തിനു ശേഷം തിരിച്ചു നല്‍കും. ഐഫോണുകള്‍ ആണെങ്കില്‍ ഒരു പ്രത്യേക റീഡറിലേക്ക് കണക്ടു ചെയ്തും, ആന്‍ഡ്രോയിഡ് ഫോണുകളില്‍ സമാന ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

മിക്ക സന്ദര്‍ഭങ്ങളിലും ഫോണ്‍ മടക്കിനല്‍കുന്നതിന് മുമ്പ് അപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തി. എന്നാല്‍ ചിലരുടെ ഫോണുകളില്‍ അത് അങ്ങിനെത്തന്നെ കിടപ്പുണ്ട്. എക്സ്ട്രാക്റ്റു ചെയ്ത എല്ലാ വിവരങ്ങളും എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. യാത്രക്കാരെ പിന്നീട് ട്രാക്ക് ചെയ്യുന്നതിന് ആ വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നതിന് തെളിവുകളൊന്നും ഇല്ല. എന്നാല്‍ അതുവെച്ച് അവരെ അനായാസമായി കണ്ടെത്താന്‍ സാധിക്കും.

Share this news

Leave a Reply

%d bloggers like this: