ലോകശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ ഇറാന്‍ ലംഘിച്ചു; സമ്പുഷ്ട യുറേനിയത്തിന്റെ അളവ് കൂട്ടി; തീ കൊണ്ട് കാലിക്കരുതെന്ന് ട്രംപ്…

ലോകശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ ഇറാന്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. അണ്വായുധക്കരാര്‍ അനുസരിച്ച് 300 കിലോഗ്രാം സമ്പുഷ്ട യുറേനിയം സൂക്ഷിക്കാനാണ് ഇറാന് അനുമതിയുള്ളത്. ജൂലായ് ഒന്നിനു നടത്തിയ പരിശോധനയില്‍ ഈ പരിധി ഇറാന്‍ ലംഘിച്ചതായി കണ്ടെത്തിയെന്ന് ഐ.എ.ഇ.എ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കരാറില്‍നിന്നും പുറത്തു പോവുകയും ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇറാനും കരാറില്‍ നിന്നും പിന്‍വാങ്ങി കൂടുതല്‍ യുറേനിയം സംബുഷ്ടീകരണം നടത്തിയിരിക്കുന്നത്. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഭീഷണിയും അവര്‍ നേരത്തെ മുഴക്കിയതാണ്. തീരുമാനം പിന്‍വലിക്കണമെന്ന് ബ്രിട്ടണും ജര്‍മനിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ‘തീകൊണ്ടാണ് ഇറാന്‍ കളിക്കുന്നതെ’ന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് വര്‍ധിപ്പിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദാ ശരീഫ് അംഗീകരിച്ചു. അമേരിക്ക ഉപരോധം നീക്കാന്‍ തയ്യാറാകാതെ വരികയും ഉപരോധത്തില്‍ നിന്നും അമേരിക്കയെ പിന്തിരിപ്പിക്കാന്‍ കരാറില്‍ അംഗങ്ങളായ രാജ്യങ്ങള്‍ ശ്രമം നടത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും അമേരിക്കന്‍ ഉപരോധത്തിനെതിരെ പ്രതികരിച്ച് വ്യാപാരം സുഗമമാക്കുവാനും ഇറാന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുവാനും ആവശ്യമായ പ്രായോഗിക നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ കൈകൊണ്ടില്ലെങ്കില്‍ കൂടുതല്‍ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വ്യോമപരിധി ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ അമേരിക്കയുടെ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയത്. ഇറാനെതിരെ ഏതു പരമ്പരാഗതയുദ്ധവും ജയിക്കാനുള്ള സന്നാഹം അമേരിക്കയ്ക്കുണ്ട്. എന്നാല്‍ ഇറാന്‍ പഴയ ഇറാനല്ലെന്നുള്ള വ്യക്തമായ സന്ദേശം കൊടുക്കുകയാണ് ഡ്രോണ്‍ തകര്‍ത്തതിലൂടെ അവര്‍ ചെയ്തത്. യുറേനിയം സമ്പുഷ്ടീകരണം കൂടുതല്‍ വിപുലീകരിച്ചതിലൂടെ ഇറാന്‍ ഒട്ടും പിന്നോട്ടല്ലെന്നാണ് വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: