രാഷ്ട്രീയ നാടകങ്ങള്‍ പുതിയ തലത്തിലേക്ക് : കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ബി ജെ പി യുടെ കത്ത്

ബംഗളുരു : നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായ കുമാരസ്വാമി നയിക്കുന്ന സഖ്യ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് ബി ജെ പി യുടെ തുറന്ന കത്ത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് ബിജെപിയുടെ നിവേദനത്തില്‍ പറയുന്നു.

14 എംഎല്‍എമാര്‍ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ നിയമസഭയില്‍ 119 അഗംങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം 103ലേയ്ക്ക് ചുരുങ്ങുകയും 105 സീറ്റുണ്ടായിരുന്ന ബിജെപിയുടെ പിന്തുണ 107ലേയ്ക്ക് ഉയരുകയും ചെയ്തു. 14 എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ ബാക്കിയുള്ള 211 സീറ്റില്‍ 106 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഇതിനിടെ രാജി സന്നദ്ധത അറിയിച്ച വിമത എം.എല്‍.എ മാര്‍ മുംബയ് ഹോട്ടലിലേക്ക് മാറി. ഇവരെ അനുനയിപ്പിക്കാനും രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമം കോണ്‍ഗ്രസും ജെഡിഎസും തുടരുകയാണ്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി ഹോട്ടലിലെത്തിയെങ്കിലും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിയില്‍ നിന്നും ശിവകുമാറില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചിരുന്നു. രാജി സ്വീകരിക്കാത്തതിനെതിരെ എം.എല്‍.എ മാര്‍ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: