രണ്ടാം വരവിന് തയ്യാറെടുത്ത് ചൂട് തരംഗം : അയര്‍ലണ്ടിലും ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍ : യൂറോപ്പില്‍ രണ്ടാമതും ചൂട് തരംഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂറോപ്പിലെ വിവിധ മെറ്ററോളജിക്കല്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ വെന്തുരുകിയ യൂറോപ്പില്‍ ഒരിക്കല്‍ കൂടി ഹീറ്റ് വെയ്വ് കടന്നുവരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അയര്‍ലണ്ടില്‍ മഴയും, വെയിലും മാറി മാറി വരുന്ന കാലാവസ്ഥയില്‍ നിലവില്‍ ചൂട് കൂടാന്‍ സാധ്യത ഇല്ലെങ്കിലും അടുത്ത ആഴ്ചകളില്‍ താപനില വര്‍ധിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം.

യു.കെ , ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ഒരിക്കല്‍ കൂടി വറ്റി വരളാന്‍ കൂടുതല്‍ സാധ്യതയെന്ന് ഫ്രാന്‍സ് മെറ്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഹീറ്റ് വേവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത് ഫ്രാന്‍സില്‍ ആയിരുന്നു. ചൂട് കൂടിയതിനാല്‍ ഇവിടെ ഒട്ടുമിക്ക സ്ഥാപങ്ങളും ആഴ്ചകളോളം അടച്ചിട്ടു. കടുത്ത ചൂടിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരവധി ആളുകള്‍ക്ക് സൂര്യാഘാതം ഏറ്റു. യൂറോപ്പില്‍ നിരവധി പാര്‍ക്കുകളില്‍ ജലധാരകളും മറ്റു സംവിധാങ്ങളും ഏര്‍പെടുത്തിയാണ് കഴിഞ്ഞ തവണ ചൂടിനെ ഒരുപരിധിവരെ പ്രതിരോധിച്ചത്. രണ്ടാമതൊരു ചൂട് കാലാവസ്ഥകൂടി യൂറോപ്പ് എങ്ങനെ നേരിടും എന്ന ആശങ്കയിലാണ് ഈ രാജ്യങ്ങള്‍.

ചൂട് കൂടിയതോടെ ആരോഗ്യമേഖലയിലും പ്രതിസന്ധി നേരിട്ടിരുന്നു. പ്രതിരോധമരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂഷ്മാണുക്കളുടെ പ്രജനനവും കഴിഞ്ഞ ചൂട് സീസണില്‍ വര്‍ധിച്ചിരുന്നു. സാംക്രമിക രോഗങ്ങളും താപനില വര്‍ധിച്ചതോടെ വ്യാപകമായി. തീരങ്ങളില്‍ ജെല്ലി ഫിഷുകള്‍ കൂട്ടത്തോടെ എത്തിയതും കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കാലാവസ്ഥാമാറ്റത്തിന്റെ ഏറ്റവും വലിയ പ്രത്യാഘതമാണ് ഇത്തവണ യൂറോപ്പ് നേരിട്ടത്. ചരിത്രത്തിലെ ഏറ്റവും ചൂട് ദിങ്ങളില്‍ കൂടിയാണ് യൂറോപ് ഇത്തവണ കടന്ന് പോയത്.

ചൂട് വീണ്ടും തിരിച്ചെത്തുമെന്ന് മുന്നറിയിപ് വന്നതോടെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൂടിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫ്രാന്‍സില്‍ കഴിഞ്ഞ ചൂട് തരംഗത്തില്‍ 45 ഡിഗ്രിയോളം താപനില ഉയര്‍ന്നിരുന്നു. വെയില്‍ കടുക്കുന്ന സമയങ്ങളില്‍ പുറത്തിറങ്ങുബോള്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും നിര്‍ദേശം നല്‍കി. അയര്‍ലണ്ടില്‍ നിലവില്‍ പരമാവധി താപനില 22 ഡിഗ്രിയാണ്. മഴമാറുന്നതോടെ ചൂട് കൂടുമോ എന്ന കാര്യത്തില്‍ മെറ്റ് ഏറാന്‍ അടുത്ത ആഴ്ചയില്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: