യൂണിയനില്‍ നിന്നും ഒക്ടോബര്‍ 31 ന് തന്നെ വിടവാങ്ങും : പ്രധാനമന്ത്രിയായി ചുമതലയേറ്റ ബോറിസ് ജോണ്‍സന്റെ ആദ്യ പ്രഖ്യാപനം ; അയര്‍ലന്‍ഡിനോടുള്ള നിലപാടും കടുക്കും

ലണ്ടണ്‍ : പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച തീരുമാനം പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. യൂണിയനുമായി കരാര്‍ ഉണ്ടാക്കിയാലും, ഇല്ലെങ്കിലും ഒക്ടോബറോടെ യൂണിയന്‍ വിടുമെന്ന് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടുന്നത് കൂടുതല്‍ ആശങ്കകള്‍ക്കും ഇടനല്കുനുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കലുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തും പുറത്തും സമവായം സൃഷ്ടിക്കാന്‍ സാധിക്കാതെ പുറത്തുപോന്ന തെരേസ മേയ്ക്ക് പിന്‍ഗാമിയായാണ് ജോണ്‍സന്‍ എത്തുന്നത്.

ബ്രെക്സിറ്റ് കരാര്‍ ഒന്നിലധികം തവണ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ബോറിസ് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നത് എങ്ങനെ ആയിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോക രാജ്യങ്ങള്‍. കരാറില്ലാതെ യൂണിയന്‍ വിടുക എന്ന തത്വമാണ് ബോറിസ് മുന്നോട്ട് വെയ്ക്കുന്നത്. ഇങ്ങനെ വിട്ട് പിരിയുമ്പോള്‍ ചില സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ അയര്‍ലണ്ടിനെ സമ്പന്ധിച്ചും കടുത്ത ബ്രെക്‌സിറ്റ് പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഇതിനെ നേരിടാന്‍ അയര്‍ലണ്ടും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബോറിസ് കടുത്ത നിലപാടുകാരനാണ്. യൂണിയനെ അശേഷം എതിര്‍ക്കുന്ന ബോറിസ് അയര്‍ലന്‍ഡിനോടും അതെ സമീപനമായിരിക്കും പിന്തുടരുക.

കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഭീതി ഇതിനോടകം തന്നെ വളര്‍ന്നിട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍റ്റന്‍ രാജി വെച്ചു. കരാറുകളിലേര്‍പ്പെടാതെ ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതും മന്ത്രിസഭയ്ക്കുള്ളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് ഇക്കാര്യം നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. കരാറുകളിലേര്‍പ്പെടാതെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വരുന്നതെങ്കില്‍ സര്‍ക്കാരിനെതിരെ നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Share this news

Leave a Reply

%d bloggers like this: