പനോരമ ഡോക്യുമെന്ററിയില്‍ മുസ്ലിം പ്രാര്‍ത്ഥന ചിഹ്നത്തെ അവഹേളിച്ചെന്ന് ആരോപണം; ക്ഷമ ചോദിച്ച് ബിബിസി…

മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ ചിഹ്നത്തെ തീവ്രവാദികളുടെ അഭിവാദനമെന്ന് അശ്രദ്ധമായി വിശേഷിപ്പിച്ചതില്‍ ബിബിസി ക്ഷമ ചോദിച്ചു. സ്റ്റേസി ഡൂലി അവതരിപ്പിച്ച പനോരമ ഡോക്യുമെന്ററിയിലാണ് വിവാദമായ ഭാഗം ഉണ്ടായിരുന്നത്. തെറ്റ് ബോധ്യപ്പെട്ടതോടെ ഈ ഭാഗം ഡോക്യുമെന്ററിയില്‍ (Stacey Meets the IS Brides) നിന്നും ഒഴിവാക്കി. സ്വന്തം രാജ്യം വിട്ട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന സ്ത്രീകളെ കാണാനായി അവതാരക സിറിയയിലെ ക്യാമ്പുകളിലേക്ക് യാത്ര ചെയ്യുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

ഐഎസ് തീവ്രവാദികളുടെ ഭാര്യമാരുമായി അവര്‍ സംവദിക്കുന്നുണ്ട്. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് നിയന്ത്രണത്തിലുള്ള തടങ്കല്‍പ്പാളയത്തില്‍വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളിലായിരുന്നു സ്ത്രീകള്‍ പ്രാര്‍ത്ഥന സമയത്ത് നടത്തിയ ആംഗ്യത്തെ ‘ഐ എസ് സല്യൂട്ട്’ എന്ന് തെറ്റായി ബിബിസി അവതാരക വിശേഷിപ്പിച്ചത്.

ഡോക്യുമെന്ററിയുടെ ഒരു ഭാഗത്ത് പ്രാര്‍ത്ഥനയ്ക്കിടയില്‍ ‘സ്ത്രീകള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത്’ കണ്ട സ്റ്റേസി അത് തീവ്രവാദികളുടെ പ്രത്യേകമായ സല്യൂട്ടാണെന്നാണ് വോയിസ് ഓവര്‍ നല്‍കിയത്. എന്നാല്‍ അത് മുസ്ലിങ്ങള്‍ പതിവായി നടത്തുന്ന നമസ്‌കാര കര്‍മ്മത്തിന്റെ ഒരു ഭാഗമാണ്. ഏകദൈവ വിശ്വാസത്തോടുള്ള മുസ്ലിങ്ങളുടെ പ്രതിബദ്ധതയെയാണ് അത് സൂചിപ്പിക്കുന്നത്.

‘മൗലികവും പ്രധാനപ്പെട്ടതുമായ അത്തരമൊരു ആശയത്തെ കേവലം ‘ഐ.എസ് സല്യൂട്ട്’ ആയി ചുരുക്കുന്നത് തീര്‍ത്തും തെറ്റായതും, ദോഷകരവുമായ കാര്യമാണെന്ന്’ മുസ്ലീം വിരുദ്ധ ആക്രമണങ്ങളെ വിലയിരുത്തുന്ന സംഘടനയായ എം.എ.എം.എ പറഞ്ഞു. പ്രക്ഷേപണത്തിന് മുമ്പ് തന്നെ ഡോക്യുമെന്ററിയില്‍ നിന്ന് ഡൂലിയുടെ വോയ്‌സ് ഓവര്‍ നീക്കംചെയ്യുമെന്ന് ബിബിസി അറിയിച്ചു.

കൂടാതെ, ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പ്രോഗ്രാമുകളും ഓണ്‍ലൈന്‍ ക്ലിപ്പുകളും എഡിറ്റുചെയ്യും. ഈ ചിഹ്നം ഒരു ഐഎസ് ചിഹ്നമാണെന്ന അവകാശവാദം ആവര്‍ത്തിച്ച ‘മിററും’ ‘ദി സണ്ണും’ അവരുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എഡിറ്റുചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: