പ്രളയ ബാധിത പ്രദേശങ്ങളിലെ രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് ബുക്കിങ് തുക തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലുള്ള വിമാന യാത്രക്കാര്‍ക്ക് ബുക്കിംഗ് തുക തിരിച്ചു നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തിങ്കളാഴ്ചവരെ യാത്രചെയ്യാന്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പിഴയില്ലാതെ മറ്റൊരു ദിവസത്തേക്കു മാറ്റാനും ബുക്കിങ് തുക തിരികെ നല്‍കാനും സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും ഗോ എയറും തീരുമാനിച്ചിരുന്നു . പ്രളയത്തെ തുടര്‍ന്നു പലയിടത്തും ഗതാഗതം സാധാരണ നിലയിലാവാത്ത സാഹചര്യത്തില്‍ ഇതു 16 വരെയെങ്കിലും നീട്ടി കൂടുതല്‍ യാത്രക്കാര്‍ക്കും അവസരം നല്‍കണമെന്നു ട്രാവല്‍ ഏജന്റുമാരും ആവശ്യപ്പെടുന്നു.

എന്നാല്‍ എയര്‍ഇന്ത്യാ എക്സ്പ്രസ് ഇങ്ങനെയൊരു സൗകര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു യാത്ര ചെയ്യാന്‍ കുടകില്‍ നിന്നടക്കം ടിക്കറ്റ് ബുക്ക് ചെയ്ത രാജ്യാന്തര യാത്രക്കാര്‍ക്കു പ്രളയം കാരണം എത്താനാവാത്ത സ്ഥിതിയാണുള്ളത്. കണ്ണൂര്‍-ബംഗളൂരു പാത പിളര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കുടകിലുള്ളവര്‍ക്കു വിമാനത്താവളത്തില്‍ എത്തണമെങ്കില്‍ മാനന്തവാടി വഴി ചുറ്റിയെത്തണം. കൊട്ടിയൂരിലടക്കം വെള്ളംകയറി റോഡ് ഗതാഗതം നിലച്ചതിനാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നും ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: