ജിയോ ജിഗാ ഫൈബറുമായി റിലയന്‍സ്; 700 രൂപയ്ക്ക് ഇന്റര്‍നെറ്റും ഫോണും ടിവിയും, റിലീസ് പടങ്ങള്‍ ആദ്യ ഷോ ആയി വീട്ടില്‍ തന്നെ കാണാം

മുംബൈ; ജിയോ തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ജിയോ ജിഗാ ഫൈബറുമായി റിലയന്‍സ്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് ജിയോ ഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. റിയലന്‍സിന്റെ 42 മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വീടുകളിലും സ്ഥാപനങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഡിജിറ്റല്‍ കണക്റ്റിവിറ്റി നല്‍കുന്നതിലൂടെയാണ് ഇത് സാധ്യമാകുക.

ഇന്റര്‍നെറ്റ് , ടി വി ഫോണ്‍ കണക്ഷന്‍ എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കും. തുടക്ക വില 700 രൂപയാണ്. ഇന്റര്‍നെറ്റിന്റെ തുടക്ക സ്പീഡ് 100 എംബിപിഎസ് ആയിരിക്കു. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാന്‍ കഴിയും. ഡിടിഎച്ച് സേവനങ്ങളെക്കാള്‍ മികച്ച സൗകര്യങ്ങളോടെ ജിയോ ഫൈബറിന്റെ പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ഹാത്ത് വെ, ഡെന്‍ പോലുള്ള കേബിള്‍ കമ്പനികളെ നേരത്തെ തന്നെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. ജിയോഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് വെല്‍ക്കം ഓഫറായി ആയി എച്ച് ഡി എല്‍ ഇ ഡി ടിവിയും 4 കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി നല്‍കുമെന്നും റിലയല്‍സ് അറിയിച്ചിട്ടുണ്ട്.

ഇതിനകം ജിയോ ജിഗാ ഫൈബറിന് ഒന്നര കോടി റജിസ്ട്രേഷനുകളായിട്ടുണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചു. 1600 പട്ടണങ്ങളിലായി ഫൈബര്‍ കണക്ടിവിറ്റി രണ്ട് കോടി ജനങ്ങളിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം മധ്യത്തോടെ നടപ്പിലാക്കുന്ന ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ ഷോ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ ആദ്യ ഷോ ആയി തന്നെ കാണാന്‍ കഴിയുമെന്നും മുകേഷ് അംബാനി അറിയിച്ചു. പ്രീമിയം ജിയോ ഉപയോക്താക്കള്‍ക്കാവും ഈ സേവനം ഉപയോഗിക്കാന്‍ കഴിയുക. മൈക്രോ സോഫ്റ്റുമായി ചേര്‍ന്ന് ജിയോ രാജ്യത്തെമ്പാടും ലോക നിലവാരമുള്ള ഡാറ്റ സെന്ററുകള്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: