ഈദ് ദിനത്തില്‍ കാശ്മീര്‍ വിഷയത്തില്‍ റാലി സംഘടിപ്പിച്ച പാകിസ്താനികള്‍ക്കെതിരെ നടപടിയുമായി ബഹ്റൈന്‍

മനാമ: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരാഴ്ച പിന്നിടവെ പ്രശ്നം ഇന്ത്യന്‍ തീരങ്ങള്‍ക്കപ്പുറത്ത് എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ റാലി നടത്തിയ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ഗള്‍ഫ് രാഷ്ട്രമായ ബഹ്‌റൈന്‍ നിയമനടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചില ദക്ഷിണേഷ്യക്കാരാണ് ബഹ്‌റൈനില്‍ പ്രതിഷേധം നടത്തിയത്. ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം അനധികൃതമായാണ് ബഹ്‌റൈനില്‍ റാലി നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ പ്രാദേശിക പോലീസ് നിയമനടപടികള്‍ ആരംഭിച്ചതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. മതപരമായ അവസരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ബഹ്‌റൈന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയമം ലംഘിക്കുന്ന രീതിയില്‍ ഒത്തുകൂടിയതിന് ചില ഏഷ്യക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ വെള്ളിയാഴ്ച വിളിച്ച് കശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ച ശേഷമാണ് നടപടി.

Share this news

Leave a Reply

%d bloggers like this: