കശ്മീരിലെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും: 370 അനുച്ഛേദം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി : കാശ്മീരിന്റെ പ്രത്യേക പദവികള്‍ ഇല്ലാതാക്കി അനുച്ഛേദം 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതിയില്‍ ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹമല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. കാശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട മറ്റു ഹര്‍ജികളിലും വ്യക്തമാക്കിയ സുപ്രീം കോടതി മാധ്യമവിലക്ക് ഉള്‍പ്പെടെയുള്ള മറ്റു ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. എന്നാല്‍ തീയതി അറിയിച്ചിട്ടില്ല.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേകപദവി ഇല്ലാതാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദവുമായി അഭിഭാഷകനായ എം.എല്‍.ശര്‍മ നല്‍കിയ ഹര്‍ജിയിക്കെതിരെ ആയിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്ത് ഹര്‍ജിയാണ് താങ്കള്‍ സമര്‍പ്പിച്ചത്. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജമ്മു കശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും സമാനമായ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍, കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരികയാണെന്നും നിയന്ത്രണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ നീക്കുമെന്ന് കേന്ദ്ര സര്‍ക്കാറിനായി കോടതിയില്‍ ഹാജരായ സോളിസിറ്റി ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. നിയന്ത്രണങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. സുപ്രീം കോടതി സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തിങ്കളാഴ്ച തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: