വംശീയ അധിക്ഷേപം ; സാക്കിര്‍ നായകിന് മലേഷ്യയില്‍ വിലക്ക്

കോലാലംപുര്‍ : ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ വിദ്വേഷപ്രസംഗം നടത്തിയയെന്ന കേസില്‍ വിവാദ മതപ്രാസംഗികന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തു. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയപരാമര്‍ശം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇദ്ദേഹത്തെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്യുന്നത്. അതേസമയം രാജ്യത്ത് പ്രസംഗങ്ങള്‍ നടത്തുന്നതിന് സാക്കിര്‍ നായിക്കിനെ വിലക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം. പരാമര്‍ശത്തിനെതിരെ, പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുതന്നെ അതിനെതിരെ ശക്തമായി രംഗത്തെത്തി. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.. ‘വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാല്‍, അയാളതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.

നായികിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും നിരോധനം ഏര്‍പ്പെടുത്തി. ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ വിലക്കിയിരുന്നു.അതേസമയം, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മലേഷ്യയില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പരാമര്‍ക്കുക മാത്രമായിരുന്നു താനെന്നും സാക്കിര്‍ നായിക്ക് പ്രതികരിച്ചു.

2016-ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്. കഴിഞ്ഞ സര്‍ക്കാറാണ്അദ്ദേഹത്തിന് സ്ഥിരതാമസം അനുവദിച്ചത്. ഇന്ത്യന്‍ ഏജന്‍സികള്‍ രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയുംആവശ്യം നിരാകരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: