ഐഎസ്സിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യയുടെ തീഷ്ണമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ട്രംപ്

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ അഫ്ഗാനിസ്ഥാനിലെ ”പോരാട്ടം” ശക്തമാക്കാന്‍ ഇന്ത്യ കൂടുതല്‍ ഇടപെടണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കു പുറമേ റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളോടും ട്രംപ് ഇതേകാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇന്ത്യ അവിടെത്തന്നെയാണ്. എന്നിട്ടും അവരല്ല, നമ്മളാണ് പോരാടിക്കൊണ്ടിരിക്കുന്നത്’- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാകിസ്താന്‍ തൊട്ടടുത്താണ്. അവര്‍ ഐഎസ്സിനെതിരെ വളരെ കുറച്ചു മാത്രമാണ് പോരാടുന്നത് വളരെ, വളരെ കുറച്ച്. ഈ രീതി ശരിയല്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയെ വെറുതെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണ് എന്നു കരുതാന്‍ കഴിയില്ല. കാരണം ഇത് അമേരിക്കന്‍ തന്ത്രത്തിലെ സുപ്രധാന മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണത്തിലും വികസന പ്രവര്‍ത്തനങ്ങളിലും മാത്രം ഇന്ത്യ ഇടപെട്ടാല്‍ മതി എന്നതായിരുന്നു 2017-ലെ അദ്ദേഹത്തിന്റെ ദക്ഷിണേഷ്യന്‍ തന്ത്രം.

ഇറാഖിലും സിറിയയിലും ഏതാണ്ട് നശിച്ചുപോയെങ്കിലും, അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ചാവേര്‍ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. ‘യുഎസ് ഈ യുദ്ധം ചെയ്യാന്‍ തുടങ്ങിയിട്ട് ഒരുപാടു കാലം പിന്നിട്ടിരിക്കുന്നു. ഇനിയൊരു 19 വര്‍ഷം കൂടി ചെലവഴിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങള്‍ മുന്നോട്ടുവരികയും കൂടുതല്‍ സംഭാവന നല്‍കുകയുമാണ് ചെയ്യേണ്ടത്’- ട്രംപ് പറഞ്ഞു. ഒരു പ്രത്യേക ഘട്ടത്തില്‍ മറ്റുരാജ്യങ്ങളെല്ലാം ഐഎസ്സിനെതിരെ പോരാടേണ്ട അവസ്ഥ ഉണ്ടാകുമെന്നും ചില രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: