ഇറാന്‍ എണ്ണക്കപ്പലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എസ്

വാഷിംഗ്ടണ്‍ : സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ച അഡ്രിയാന്‍ ഡര്‍യ വണ്‍ എന്ന ഇറാനിയന്‍ എന്ന കപ്പലിനെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തി.ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരായ ഉപരോധത്തെ മറികടന്നുകൊണ്ട് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നതിന് ‘വിശ്വസനീയമായ തെളിവുകള്‍’ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധമെന്ന് യു.എസ് പറയുന്നത്.

മുമ്പ് ഗ്രേസ് 1 എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍ ജൂലൈയില്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ബ്രിട്ടീഷ് നാവികര്‍ പിടികൂടി ആറ് ആഴ്ച കസ്റ്റടിയില്‍ വെച്ചിരുന്നു. ഇറാന്റെ സഖ്യകക്ഷിയായ സിറിയയിലേക്ക് അനധികൃതമായി എണ്ണകടത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തിന് വിധേയമായ രാജ്യങ്ങളിലേക്ക് പോകില്ലെന്ന് ഇറാനില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയച്ചത്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ടെഹ്‌റാന്‍ പിന്നീട് പറഞ്ഞു.

ടാങ്കര്‍ സിറിയയിലെ ടാര്‍ട്ടസിലേക്ക് പോകുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ ഉത്തരവനുസരിച്ചാണ് കപ്പലിനെ കരിമ്പട്ടികയില്‍ പെടുത്തിയതെന്നും, അഡ്രിയാന്‍ ഡര്‍യ 1-ന് പിന്തുണ നല്‍കുന്ന ആര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്നും യുഎസ് ട്രഷറി പറഞ്ഞു.

കപ്പലിന്റെ ക്യാപ്റ്റന്‍ അഖിലേഷ് കുമാറിനെയും ഉത്തരവ് പ്രകാരം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. എണ്ണ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി ഇറാന്‍ ചെലവഴിക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇറാനെതിരെ ഉപരോധം ശക്തമാക്കിയതെന്നും അമേരിക്ക പറയുന്നു

Share this news

Leave a Reply

%d bloggers like this: