അയര്‍ലണ്ടിലെ ഭവന വിലയില്‍ ഇടിവ്; വില കുറയുന്നത് ബ്രെക്സിറ്റ് കാരണമോ ?

ഡബ്ലിന്‍: ബ്രക്സിറ്റ് ആശങ്കകള്‍ അയര്‍ലണ്ടിലെ ഭവന വിപണിയില്‍ വില കുറയുന്നതിനിടയാക്കുന്നുണ്ടോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ഭവന വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ കണക്കാക്കുന്നു. ബ്രക്സിറ്റ് ഉയര്‍ത്തുന്ന ആശങ്കളും അനിശ്ചിതത്വങ്ങളും ഭവനവിപണിയെയും ബാധിച്ചിരിക്കാമെന്നതിന്റെ സൂചനയായാണ് ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നത്. കൂടാതെ പുതിയ വീടുകള്‍ മാര്‍ക്കറ്റിലെത്തിയതും വിലയിടിവിനെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലെ ഭവനവിലയില്‍ നിന്ന് ആറ് മാസം കഴിയുമ്പോള്‍ ഡബ്ലിന്‍ 4 മേഖലയില്‍ 12.5 ശതമാനം കുറവുണ്ടായി. ദേശീയ തലത്തില്‍ 5.6% ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ തോതില്‍ കുറവുണ്ടായി. രാജ്യത്തെ ശരാശരി ഭവനവില 263,606 യൂറോയാണ്. 2018 നേക്കാള്‍ 2.5 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

നാല്-ബെഡ്‌റൂം സെമി-ഡീഅറ്റാച്ച്ഡ് വീടുകളുടെ വിലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്തൊട്ടാകെ ഈ മാറ്റം രേഖപ്പെടുത്തുന്നുണ്ട്. റോസ്‌കോമ്മണ്‍ പ്രദേശങ്ങളില്‍ 7.8 ശതമാനം വരെ വിലയിടിഞ്ഞിട്ടുണ്ട്.

ഡബ്ലിനില്‍ ഭവനവിലകുറയുന്നതിന് സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് ഡെപ്പൊസിറ്റ് നയങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് എസ്റ്റേറ്റ് ഏജന്റ് ഗ്രൂപ്പ് പറയുന്നത്. വാടകനിരക്കിലെ ഏറ്റക്കുറച്ചിലുകളും ഇതിന് കാരണമായിട്ടുണ്ട്. ഡബ്ലിന്‍ 4,ബ്‌ളാക്ക് റോക്ക് മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അയര്‍ലണ്ടില്‍ വീട് വില ആദ്യം വര്‍ധിക്കുന്ന പ്രദേശങ്ങളിലാണ് ആദ്യഘട്ട വിലയിടിവും രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഗ്രാമമേഖലകളില്‍ വിലക്കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല നേരിയ തോതില്‍ വിലക്കൂടുതല്‍ ഉണ്ടാവുന്നുണ്ട്. പോര്‍ട്ട് ലീഷ്,, കില്‍കെന്നി, വെക്‌സ് ഫോര്‍ഡ്, ഓഫലി എന്നിവിടങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും വിലക്കുറവ് അനുഭവപ്പെടുന്ന കൗണ്ടികളല്ല.

കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഡബ്ലിനിലെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇതില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് 2016 -17 വര്‍ഷങ്ങളില്‍ ആണ്. എന്നാല്‍ ഇപ്പോള്‍ വില കുറയുന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. ഇത് സാധാരണജനങ്ങള്‍ അറിഞ്ഞാല്‍ ഇപ്പോള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പല വീടുകള്‍ക്കും പ്രതീക്ഷിച്ചതിലും കുറവ് വിലയേ ലഭിക്കൂ. ഇത് തങ്ങളെ ബാധിക്കും എന്നതിനാലാണ് ഏജന്റുമാര്‍ ഇക്കാര്യം പുറത്തു വിടാത്തതും, വില ഏറുകയാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരുന്നതും. വീടുകളുടെ വില്പന സര്‍വ്വപ്രതീക്ഷകളും തെറ്റിച്ച് കുറഞ്ഞതോടെ വില കുറയ്ക്കാതെ വില്പനക്കാര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന അവസ്ഥ വന്നിരിക്കുകയാണ്.

വീട് വാങ്ങാന്‍ ലോണും പാസാക്കിയിരിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ശുഭ സൂചകമായ വാര്‍ത്തകളാണ് വരുന്നതെങ്കിലും, വീട് വാങ്ങേണ്ട ലോണ്‍ കാലാവധിയ്ക്കുള്ളില്‍ വില ഇടിവ് യാഥാര്‍ഥ്യമാവുമോ എന്ന് സംശയമുണ്ട്.

Share this news

Leave a Reply

%d bloggers like this: