പിറന്നാളിന് അമ്മയോടൊപ്പം; മോദിയുടെ ജന്മദിനത്തില്‍ സൂറത്തില്‍ 7000 കിലോയുടെ കേക്ക് തയ്യാറാക്കി വ്യാപാരികള്‍

അഹമ്മദാബാദ് : വിപുലമായ പരിപാടികളോടെ മോദി 69 മത് ജന്മദിനാഘോഷത്തില്‍. അമ്മയോടൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി, സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സൂറത്തിലെ പ്രമുഖ ബേക്കറിയായയ ബ്രഡ് ലൈന്‍ 7000 കിലോയുടെ കേക്ക് തയ്യാറാക്കി. 700 അടി നീളത്തിലാണ് കേക്ക് തയ്യാറാക്കിയത്. കശ്മീരിന്റെ പ്രത്യേക ഭരണഘടന എടുത്ത് കളഞ്ഞു കൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള നടപടിയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സ്‌കൂളുകളില്‍ സംവാദവും സംഘടിപ്പിക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടുള്‍പ്പെടെയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ വന്‍ തോതിലുള്ള ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിക്ക് ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകളും പോസ്റ്റുകളും സജീവമാവുകയാണ്. പാര്‍ട്ടിക്കകത്തുനിന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും സോണിയാഗാന്ധിയും ആശംസയറിയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: