ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ആഗോള കമ്പനികള്‍; അയര്‍ലണ്ടും മാന്ദ്യത്തിന്റെ വക്കിലെന്ന് ആശങ്ക രേഖപ്പെടുത്തി കോര്‍ക്ക് ബിഷപ്പ്

കോര്‍ക്ക്: അയര്‍ലണ്ടില്‍ നിന്നും ആഗോള കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്ന സാഹചര്യം ശുഭകരമല്ലെന്ന് കോര്‍ക്ക് ബിഷപ്പിന്റെ മുന്നറിയിപ്പ്. വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ ആയിരകണക്കിന് ആളുകള്‍ക്ക് തൊഴില്‍നല്‍കിവന്ന ഔഷധനിര്‍മ്മാണ കമ്പനി നൊവാര്‍ട്ടീസ് കഴിഞ്ഞ ദിവസം 350 തൊഴിലാഴികളെ പിരിച്ചുവിട്ടിരുന്നു. ഷാനോനിലും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ആഗോള കമ്പനി ഇതുപോലെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതോടെ അയര്‍ലണ്ടിലെ തൊഴില്‍മേഖല അത്ര ശുഭകരമായ സാഹചര്യത്തില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാന്ദ്യത്തിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നായ തൊഴില്‍നഷ്ടം വര്‍ധിച്ചാല്‍ മാത്രം അയര്‍ലണ്ടില്‍ന്റെ സാമ്പത്തിക അടിവേരുകള്‍ക്ക് ഇളക്കം തട്ടുമെന്നുതന്നെയാണ് വിദഗ്ദ്ദരുടെ വിലയിരുത്തല്‍.

കോര്‍ക്കില്‍ വലിയൊരു വിഭാഗം തൊഴിലാളികളെ പിരിച്ചുവിട്ടതോടെ തൊഴില്‍മേഖല അപകടത്തില്‍ ആണെന്ന് കോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഫിന്റേണ്‍ ഗാവിന്‍ അഭിപ്രായപ്പെട്ടു. കോര്‍ക്കില്‍ കാരിഗാലിനിലെ സെന്റ് മേരി ആന്‍ഡ് സെന്റ് ജോണ്‍ ചര്‍ച്ചില്‍ സംസാരിക്കവെയാണ് ബിഷപ്പ് ഇക്കാര്യം സൂചിപ്പിച്ചത്. നൊവാര്‍ട്ടീസില്‍ തൊഴില്‍നഷ്ടപെട്ട ആളുകള്‍ ഏറ്റവു കൂടുതല്‍ കാരിഗാലിനിലാണ്. അയര്‍ലണ്ടില്‍ പ്രദേശിക നിക്ഷേപങ്ങള്‍ നടത്തേണ്ട അവസരമാണ് ഇതെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു. അയര്‍ലണ്ടില്‍ ഇതുപോലെ പല കമ്പനികളും ഇനിയും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

തൊഴിലില്ലായിമയും, വിലവര്‍ധനവും രാജ്യത്ത് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയേക്കുമെന്നും ആശങ്കയുണ്ട്. രാജ്യത്തിന്റെ പൊതുകടം ഉയരുന്നതും അയര്‍ലന്‍ഡിന് ശുഭ സൂചനയല്ല നല്‍കുന്നത്. അതുപോലെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച് പുതിയ തൊഴിലവസരങ്ങളും ഈ വര്‍ഷം കുറഞ്ഞു. ബ്രെക്‌സിറ്റിന്റെ വലിയ ആഘാതം അയര്‍ലന്‍ഡ് ഏറ്റുവാങ്ങുന്ന ഒരു സമയംകൂടിയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് തുടര്‍ച്ചയായ പിരിച്ചുവിടല്‍ ഇതിനോടകം തന്നെ ആയിരത്തോളം ആളുകള്‍ക്ക് തൊഴില്‍നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇത് തുടരാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ നടക്കേണ്ടതുണ്ട്. ധനകാര്യവകുപ്പും ഈ പ്രശ്‌നത്തില്‍ ഇടപെട്ടുവരികയാണ്. അയര്‍ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ മുഴുവന്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. യു എസ്- ചൈന വ്യാപാരയുദ്ധങ്ങളും, ബ്രെക്‌സിറ്റും വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ യൂറോപ്പില്‍ സൃഷ്ട്ടിക്കുമെന്ന് ലോക വ്യാപാരസംഘടന ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിലെ ഇനിയൊരു മാന്ദ്യം യൂറോയെ തളര്‍ത്തുമെന്നതിനാല്‍ യൂണിയന്‍ രാജ്യങ്ങള്‍ ജാഗ്രതയിലാണ്.

Share this news

Leave a Reply

%d bloggers like this: